കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആന്റ് ടെക്‌നോളജിയിൽ റോബോട്ടിക്‌സ് ആന്റ് ഓട്ടോമേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്‌സ് ബൂട്ട് ക്യാമ്പും, ഹാക്കത്തോണും സംഘടിപ്പിച്ചു. അന്താരാഷ്ട്ര ഓട്ടോമേഷൻ സൊസൈറ്റിയുടെയും ഇന്ത്യൻ റോബോട്ടിക് സൊസൈറ്റിയുടെയും സഹായത്തോടെയാണ് റോബോട്ടിക്‌സ് ബൂട്ട് ക്യാമ്പും, ഹാക്കത്തോണും നടന്നത്. 3 ദിവസങ്ങളിലായിരുന്നു പരിപാടി. പ്രിൻസിപ്പാൾ ഡോ. എസ്. ശ്രീപ്രിയ ഉദ്ഘാടനം ചെയ്തു.
വിവിധ റോബോട്ട് കമ്പനികളിലെ പ്രഗൽഭർ വിദ്യർത്ഥികൾക്ക് ക്ലാസുകളെടുത്തു. ഡ്രോൺ നിർമാണവും, പൈലറ്റിങ്ങും പരിശീലിപ്പിക്കുന്ന വർക്‌ഷോപ്പ്, റോബോട്ടിക് ഓപ്പറേറ്റിങ്ങ് സിസ്റ്റം പരിശീലനം, ഫുട്‌ബോൾ കളിക്കുന്ന റോബോട്ടുകളുടെയും, വെളളത്തിനടിയിൽ നിരീക്ഷണം നടത്തുന്ന റോബോട്ടുകളുടെയും നിർമാണം എന്നിവയും പരിശീലിപ്പിച്ചു. ഹാക്കത്തോണിൽ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുളള റോബോട്ടുകൾ നിർമിച്ചു.
ആദിശങ്കര ഒന്നാം സ്ഥാനവും, ഐഹബ് റോബോട്ടിക്‌സ് പനമ്പിളളിനഗർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അന്താരാഷ്ട്ര ഓട്ടോമേഷൻ സൊസൈറ്റിയുടെയും ഇന്ത്യൻ റോബോട്ടിക് സൊസൈറ്റിയുടെയും ചാപ്റ്റർ കോ ഓഡിനേറ്റർ പ്രെഫ. ശ്രീദീപ് കൃഷ്ണൻ വിജയികൾക്ക് ക്യാഷ് അവാർഡ് നൽകി.