കാലടി: ശ്രീശങ്കര കോളേജിലെ നാഷണൽ സർവീസ് സ്‌കീം (എൻഎസ്എസ്) യൂണിറ്റിന് മികച്ച നേട്ടം. മഹാത്മാ ഗാന്ധി സർവകലാശാലയുടെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം കോളേജിന് ലഭിച്ചു. കൂടാതെ മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച വോളന്റിയർ എന്നീ പുരസ്‌കാരങ്ങളും കോളേജിന് ലഭിച്ചു. ഡോ. എ. പി. സൗമ്യയെ മികച്ച പ്രോഗ്രാം ഓഫീസറായും പാർവതി രമേഷിനെ മികച്ച വോളന്റിയറായും തെരഞ്ഞെടുത്തു. മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനായി സംസ്ഥാന എൻഎസ്എസ് സെല്ലിന്റെ അനുമോദനങ്ങൾക്ക് പ്രോഗ്രാം ഓഫീസർ വി. പി. അനൂപും അർഹനായി.
കോളേജിലെ എൻഎസ്എസ് യൂണിറ്റ് നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയായിരുന്നു പുരസ്‌കാരം. നിർധന കുടുംബങ്ങൾക്ക് സ്നേഹവീട് നിർമ്മാണം, ദത്തുവിദ്യാലയ പ്രവർത്തനങ്ങൾ, കാർബൺ ന്യൂട്രൽ പദ്ധതികൾ, വയനാട് അതിജീവന പ്രവർത്തനങ്ങൾ, രക്തദാനം, വനസംരക്ഷണം, സ്ത്രീ ശാക്തീകരണം, ഡിജിറ്റൽ സാക്ഷരത, മാനസ ഗ്രാമത്തിലെ വിവിധ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് നിർമാർജനം, എച്ച്‌ഐവി-എയ്ഡ്സ് ബോധവൽക്കരണം, ജൈവകൃഷി, വിത്ത് സംരക്ഷണം, മാലിന്യനിർമാർജനം, ജലസ്രോതസുകൾ വീണ്ടെടുക്കൽ തുടങ്ങിയവ യൂണിറ്റ് നടത്തിയ പ്രധാന പ്രവർത്തനങ്ങളാണെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എം. അനിൽകുമാർ അറിയിച്ചു.



