കാലടി: റോജി എം. ജോണ്‍ എം.എല്‍.എ മുന്‍കയ്യെടുത്ത് സംഘടിപ്പിച്ച എം.എല്‍.എ കപ്പ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് സീസണ്‍ 3 യില്‍ പെരിയാര്‍ റൈസ് കാലടി ജേതാക്കളായി. ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ പെരിയാര്‍ റൈസ് കാലടിയും ബാഡ് ബോയ്സ് മഞ്ഞപ്രയും തമ്മില്‍ ഏറ്റുമുട്ടി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പെരിയാര്‍ റൈസ് കാലടി വിജയിച്ചത്. ടൂര്‍ണ്ണമെന്‍റില്‍ വിക്ടോറിയന്‍സ് പാറക്കടവ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ലഹരിക്കെതിരായ പ്രതിരോധം തീര്‍ക്കുവാന്‍ ‘അഡിക്റ്റഡ് ടു സ്പോര്‍ട്ട്സ്’ എന്ന തീമിലാണ് കഴിഞ്ഞ 2 വര്‍ഷമായി വിജയകരമായി നടന്ന് വന്ന ടൂര്‍ണ്ണമെന്‍റിന്‍റെ 3-ാം സീസണ്‍ നടത്തിയത്. ഡിസംബര്‍ 16 മുതല്‍ 21 വരെ കാലടി ശ്രീശങ്കരാ കോളേജ് ഗ്രൗണ്ടിലാണ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചത്. 6 ദിവസം നീണ്ട് നിന്ന ടൂര്‍ണ്ണമെന്‍റില്‍ 32 ടീമുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 25,000 രൂപയും എവര്‍റോളിംങ് ട്രോഫിയും, രണ്ടാം സമ്മാനമായി 15,000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനമായി 10,000 രൂപയും ട്രോഫിയുമാണ് നല്‍കിയത്. ടൂര്‍ണ്ണമെന്‍റില്‍ ടോപ് സ്കോററും പ്ലേയര്‍ ഓഫ് ദ ടൂര്‍ണ്ണമെന്‍റുമായി പെരിയാര്‍ റൈസ് കാലടിയുടെ വിവേക് സി.എച്ച്നേയും മികച്ച ഗോളിയായി ബാഡ് ബോയ്സ് മഞ്ഞപ്രയുടെ നിതിന്‍ ജോണിയേയും തിരഞ്ഞെടുത്തു. ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുത്ത 32 ടീമുകളുടേയും മുഴുവന്‍ കളിക്കാര്‍ക്കും ജേഴ്സി വിതരണം ചെയ്തു.
ടൂര്‍ണ്ണമെന്‍റിന്‍റെ സമാപന സമ്മേളനത്തില്‍ ബെന്നി ബെഹനാന്‍ എം.പി, റോജി എം ജോണ്‍ എം.എല്‍.എ, സിനിമാതാരം സിജു വില്‍സണ്‍, പിന്നണി ഗായിക രശ്മി സതീശന്‍. ജില്ലാ പഞ്ചായത്തംഗങ്ങളായ ഷൈജോ പറമ്പി, ജിന്‍റോ ജോണ്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സീന ദേവസ്സിക്കുട്ടി, ജയ ഫ്രാന്‍സിസ്, വാര്‍ഡ് മെമ്പര്‍ പ്രിന്‍സി ഡൊമിനി, എം.പി.മാര്‍ട്ടിന്‍, ആന്‍റണി തോമസ്, റോയ്സണ്‍ വര്‍ഗ്ഗീസ്, കെ.വി.ബിബീഷ്, റെന്നി പാപ്പച്ചന്‍, അഡ്വ. കെ.ബി. സാബു, ബിനോയ് കൂരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.



