
കാലടി: കാലടിയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് തുടക്കം കുറിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ചമുതൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും. വായ്പയെടുത്ത് നടപ്പിലാക്കുന്ന പദ്ധതിക്ക് സർക്കാർ ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ച്, കരാർ ഉറപ്പിച്ചു. കളമശേരി എ.കെ. കൺസ്ട്രക്ഷൻസാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.
12.5 കോടി രൂപയുടെ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. ആദ്യഘട്ടമെന്ന നിലയിൽ 6 കോടി രൂപയുടെ പദ്ധതിക്ക് സാങ്കേതിക അനുമതി ലഭ്യമാക്കിയശേഷമാണ് ടെണ്ടർ നടപടികളിലേക്ക് കടന്നത്.
എം.സി. റോഡിൽ നിന്നും 6 മീറ്റർ വലിച്ചിട്ടാണ് കെട്ടിടം പണിയുക. 16 മീറ്റർ വീതിയും 80 മീറ്റർ നീളവുമുള്ള കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ 29 കടമുറികളാണ് ഉണ്ടാകുക. റോഡിനും സ്റ്റാൻ്റിനും അഭിമുഖമായാണ് കടമുറികൾ നിർമ്മിക്കുക. കെട്ടിടത്തിൻ്റെ ബേസ്മെൻ്റിലും വടക്കേയറ്റത്തും പാർക്കിംഗ് സൗകര്യമൊരുക്കും.
ഒന്നാം നിലയിലും കടമുറികളും, രണ്ടാം നിലയിൽ ഹാളും മറ്റുമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിലവിൽ താത്കാലിക സ്റ്റാളുകൾ ഉണ്ടായിരുന്ന സ്ഥലത്താണ് ബസ് സ്റ്റാൻ്റ് ഒരുക്കുക. 20 മീറ്റർ വീതിയിലും 80 മീറ്ററിലധികം നീളത്തിലുമായിരിക്കും ആധുനീക രീതിയിലുള്ള ബസ് സ്റ്റാൻ്റ്
ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണമാരംഭിക്കുന്നതോടെ നിലവിലുളള സ്റ്റാൻ്റ് താത്കാലികമായി മാറ്റി പ്രവർത്തിപ്പിക്കേണ്ടിവരും. ഇത് സംബന്ധിച്ച് ബസുടമ സംഘടനകളും, പോലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതരുമായി പല യോഗങ്ങളും ചർച്ചകളും നടത്തി കഴിഞ്ഞു. നിരവധി ആശയങ്ങൾ ചർച്ച ചെയ്ത ശേഷം നിലവിൽ പ്രവർത്തനക്ഷമമല്ലാത്ത പഞ്ചായത്തിൻ്റെ പൊതു മാർക്കറ്റിൻ്റെ ഗ്രൗണ്ട് ഇതിനായി ഒരുക്കാൻ തീരുമാനിച്ചു.
ബസ് സ്റ്റാൻ്റിനോട് ചേർന്ന് ഓട്ടോ സ്റ്റാൻ്റ് പ്രവർത്തിക്കുന്ന സ്ഥലത്ത് ഐ ലൗ കാലടി എന്ന പദ്ധതിക്കായിട്ടുള്ള നിർദ്ദിഷ്ട സ്ഥലം ഒരുക്കി നൽകാനുള്ള ബസുടമകളുടെ ആവശ്യത്തെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ഇത് ടെണ്ടർ നടപടി പൂർത്തിയാക്കിയ ഒരു പദ്ധതി ഇല്ലാതാക്കുന്നതിന് വഴിവെക്കുമെന്നതിനാൽ ഈ സ്ഥലം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്.
സ്വകാര്യ ബസുകളുടെ യാത്ര സംബന്ധിച്ച താഴെ പറയുന്ന തീരുമാനങ്ങൾ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചു.
- ഓരോ റോഡിലും നിലവിലുള്ള സ്റ്റോപ്പുകളിൽ ബസുകൾ നിറുത്തി യാത്രക്കാരെ
ഇറക്കുകയും കയറ്റുകയും ചെയ്ത് ലക്ഷ്യസ്ഥാനത്തേക്ക് പോകണം. - ആലുവ ഭാഗത്തേക്കുള്ള ബസുകൾ കടുക്കാപ്പിള്ളി റോഡ് കഴിഞ്ഞ് നിറുത്തി ആളെ കയറ്റി പോകണം. ആലുവ ഭാഗത്തുനിന്നും വരുന്ന ബസുകൾ കാലടി പള്ളിക്കു മുൻപായി നിലവിലുള്ള സ്റ്റോപ്പിൽ നിറുത്തി ആളെ ഇറക്കി പോകണം.
- പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ പാലത്തിന് മുൻപായി നിലവിലെ സ്റ്റോപ്പിൽ നിറുത്തണം. തിരികെ വരുന്നവ പൂജറെസിഡെന്‍സിയ്ക്ക് മുൻപ് നിറുത്തി ആളെ ഇറക്കി കയറ്റി പോകണം.
- മലയാറ്റൂർ റോഡിൽ മലയാറ്റൂർ, മഞ്ഞപ്ര ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ ആശ്രമം ജംഗ്ഷനിൽ നിലവിലുള്ള സ്റ്റോപ്പിൽ നിറുത്തി യാത്രക്കാരെ കയറ്റിയിറക്കി പോകണം. തിരികെ വരുന്നവ ആശ്രമം ജംഗ്ഷന് മുൻപ് നളന്ദ ബുക്സിന് സമീപം നിറുത്തി യാത്രക്കാരെ കയറ്റിയിറക്കി പോകണം.
- അങ്കമാലി ഭാഗത്തേക്ക് പോകുന്ന ബസുകൾ നിലവിലെ സ്റ്റാന്റിന്റെ പ്രവേശന കവാടത്തിന് ശേഷം നിറുത്തി ആളെ കയറ്റിയിറക്കി പോകണം. തിരികെ വരുന്നവ യൂണിവേഴ്സിറ്റി കവാടത്തിന് മുൻപായി നിറുത്തി യാത്രക്കാരെ കയറ്റിയിറക്കി പോകണം.
- 4 റൂട്ടുകളിലും അനധികൃത പാര്‍ക്കിംഗ് നിരോധിച്ചു. യൂണിവേഴ്സിറ്റി കനാൽ ബണ്ട് റോഡിലെ ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ചു. ടൂ വീലറുകൾ പാർക്ക് ചെയ്യാൻ പഞ്ചായത്തിൻ്റെ പഴയ മാർക്കറ്റ് താത്കാലികമായി അനുവദിക്കും.
- ബസ് സ്റ്റോപ്പുകളില്‍ ബസ് ചേര്‍ത്ത് നിര്‍ത്തി ആളെ കയറ്റുന്നതിനും ഇറക്കുന്നതിനും തീരുമാനിച്ചു.
- കൂടുതല്‍ ഹാള്‍ട്ടിംഗ് ഉള്ള ബസുകള്‍ മറ്റൂര്‍ ചെമ്പിച്ചേരി റോഡില്‍ പാര്‍ക്ക്ചെയ്യുന്നതിനും അല്ലാത്ത ബസുകള്‍ ബസ് സ്റ്റോപ്പില്‍ തന്നെ തങ്ങി യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്നതിനും തീരുമാനിച്ചു.
- ഇതു പ്രകാരം നിലവിൽ പ്രവർത്തന ക്ഷമമല്ലാതെ കിടക്കുന്ന മാർക്കറ്റിൽ താത്കാലിക സംവിധാനമെന്ന നിലയിൽ കൂടുതൽ സമയം തങ്ങേണ്ടി വരുന്ന ബസുകൾക്ക് സൌകര്യമൊരുക്കാൻ തീരുമാനിച്ചു.
- ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം ആരംഭിക്കുന്ന മുറക്ക് നിലവിലെ അക്വഡേറ്റിനോട് ചേർന്ന ഭാഗത്ത് മണ്ണ് ഇട്ട് ലെവൽ ചെയ്ത് ബസുകൾ കയറ്റിയിറക്കി വിടാൻ കഴിയുന്ന സാഹചര്യമുണ്ടായാൽ അതിന് സൗകര്യമൊരുക്കണമെന്ന ആവശ്യവും പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു.
- രാത്രികാലങ്ങളിൽ ബസുകൾ ഉടമകൾ സ്വന്തം നിലക്ക് പാർക്ക് ചെയ്യുവാൻ തീരുമാനിച്ചു. ഇതിനായി ചെമ്പിച്ചേരി റോഡിലെ മറ്റ് അനധികൃത പാർക്കിംങ്ങുകൾ നിരോധിക്കും.
വൈസ് പ്രസിഡന്റ് ഷാനിത നൗഷാദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശാന്ത ചാക്കോ, ഷിജി വർഗീസ്, സിജു കല്ലുങ്ങൽ, അംഗങ്ങളായ എം.പി. ആൻ്റണി, അമ്പിക ബാലകൃഷ്ണൻ, ശാന്ത ബിനു, ബിനോയ് കൂരൻ, ഷിജ സെബാസ്റ്റ്യൻ, അംബിളി ശ്രീകുമാർ, കെ.ടി. എൽദോസ്, പി.ബി. സജീവ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.