കാലടി: കാലടിയിൽ ലൈൻ ട്രാഫിക് തെറ്റിച്ച് മീഡിയന്റെ വലതുവശത്തുകൂടി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്യുകയും, പിഴ ചുമത്തുകയും ചെയ്തു. കാലടി – അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന ന്യൂസ്റ്റാർ ബസിലെ ഡ്രൈവറായ എ.സി ഗിരീഷിനെതിരെയാണ് അങ്കമാലി ജോയിന്റ് ആർടിഒ നടപടി സ്വീകരിച്ചത്. മീഡിയൻ വയ്ക്കാൻ നേതൃത്വം വഹിച്ച ജോയിൻറ് ആർടിഒ യുടെ മുൻപിലായിരുന്നു ഡ്രൈവർ നിയമലംഘനം നടത്തിയത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഗിരീഷിനെ അങ്കമാലി സബ് ആർടി ഓഫീസിൽ വിളിച്ചു വരുത്തി ഒരു മാസത്തേക്കാണ് ലൈസൻസ് സസ്‌പെന്റ് ചെയ്തത്,
കാലടിയിൽ കാലങ്ങളായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായാണ് കാലടിമുതൽ മറ്റൂർവരെയുള്ള മീഡിയൻ സ്ഥാപിച്ചിരിക്കുന്നത്, മീഡിയൻ സ്ഥാപിച്ചതോടെ ഗാതാഗതകുരുക്ക് കുറഞ്ഞിട്ടുമുണ്ട്. കാലടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെസംബന്ധിച്ച് കാലടി ടൗൺ റെസിഡെന്റ്‌സ് അസോസിയേഷൻ (ട്രാക്) ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഇതേത്തുടർന്ന് മന്ത്രി കാലടിയും പരിസരപ്രദേശങ്ങളും നേരിൽ സന്ദർശിച്ചിരുന്നു. മന്ത്രി നിർദേശിച്ച കാര്യങ്ങളും പഞ്ചായത്തിൽനിന്നും വിവിധ സംഘടനകളിൽനിന്നും ലഭിച്ച നിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് കാലടിമുതൽ മറ്റൂർ കോളേജ് ജങ്ഷനും മരോട്ടിച്ചോടിനും ഇടയിലുള്ള പെട്രോൾ പമ്പ് വരെയുള്ള ഭാഗത്ത് റോഡ് ഡിവൈഡർ സ്ഥാപിക്കാൻ തീരുമാനമെടുത്തത്.സ്‌പോൺസർമാരെ കണ്ടെത്തി മീഡിയൻ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ ചുമതല പി.ഡബ്ല്യു.ഡി., കാലടി ടൗൺ റെസിഡെന്റ്‌സ് അസോസിയേഷനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.