കാലടി : പുത്തൻകാവ് ഭദ്രകാളീക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്സവത്തിന്റെ പൊങ്കാലയ്ക്കും മകര ഊട്ടിനും താലഘോഷയാത്രയ്ക്കുമായി പതിനായിരക്കണക്കിന് ഭക്തർ അദ്വൈതഭൂമിയിലെത്തി. രാവിലെ 101 കരിക്കിന്റെ അഭിഷേകത്തോടെ മകരച്ചൊവ്വ ചടങ്ങുകൾ തുടങ്ങി.
മേൽശാന്തി കിരൺ കൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിലെ വിളക്കിൽനിന്ന് പകർന്നുനൽകിയ ദീപം അടുപ്പുകളിലേക്ക് കൊളുത്തിയതോടെ പൊങ്കാലയർപ്പണത്തിന് തുടക്കമായി. അറുനൂറോളം പൊങ്കാലയടുപ്പുകൾ ക്രമീകരിച്ചിരുന്നു.
ദേവിയുടെ നടയിൽ സംസ്‌കൃത സർവകലാശാലാ സംഗീതവിഭാഗം മുൻ മേധാവി പ്രീതി സതീഷിന്റെ സംഗീതാരാധന നടന്നു. പൊങ്കാലയടുപ്പുകളിൽ വെളിച്ചപ്പാട് അജയൻ സ്വാമിയുടെ സാന്നിധ്യത്തിൽ മേൽശാന്തി തീർഥം തളിച്ചതോടെ പൊങ്കാലയർപ്പണം പൂർത്തിയായി.തുടർന്ന്, മകരച്ചൊവ്വ മഹോത്സവസമിതിയും മൃതസഞ്ജീവനി ട്രസ്റ്റും ചേർന്ന് 21 അമ്മമാർക്ക് ചികിത്സാസഹായവും വസ്ത്രവും 12 വിദ്യാർഥികൾക്ക് വിദ്യാഭ്യാസധനസഹായവും വിതരണം ചെയ്തു.
സമിതിയുടെ മകരച്ചൊവ്വ പുരസ്കാരം സായീശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസന് എം.കെ. കുഞ്ഞോൽ മാസ്റ്റർ സമ്മാനിച്ചു.മകരച്ചൊവ്വ മഹോത്സവ സമിതി പ്രസിഡന്റ് ബി. ഗോപി, സെക്രട്ടറി എൻ. സുധേഷ്, ഇ.ആർ. ശങ്കരമണി, സലീഷ് ചെമ്മണ്ടൂർ, വി.പി. സന്ദീപ്, രഞ്ജിത്ത് ചന്ദ്രൻ, ബിജു ഗോപി, എ.കെ. ജയകുമാർ, എസ്. ശ്രീജിത്ത്, ഷൈലജ ഷൈൻ എന്നിവർ നേതൃത്വം നൽകി.
തുടർന്ന്, ദേവീനടയിൽ മകരച്ചൊവ്വ മഹോത്സവ സമിതിയുടെ നേതൃത്വത്തിൽ വിവാഹം നടന്നു.മാണിക്യമംഗലം കാഞ്ഞിലി വീട്ടിൽ വാസുവിന്റെയും അജിതയുടെയും മകൾ ജീവയും ആവണംകോട് ചെറുകുളം വീട്ടിൽ രാഘവന്റെയും സുമതിയുടെയും മകൻ രാഗേഷുമാണ് വിവാഹിതരായത്.
മകര ഊട്ട് ക്ഷേത്രം മാനേജിങ് ട്രസ്റ്റി കാപ്പിള്ളി ശ്രീകുമാർ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. 20,000 പേർക്കുള്ള പ്രസാദ ഊട്ടാണ് ഒരുക്കിയത്.