കൊച്ചി: അച്ചടിമാധ്യമങ്ങളിലെ മികച്ച ഫീച്ചറിനുള്ള ‘ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ്’ ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. വന്യജീവി ആക്രമണം നേരിട്ടവരുടെ കുടുംബങ്ങളിലെ ജീവിതസ്ഥിതി പഠനവിധേയമാക്കി, 2024 ഫെബ്രുവരി 18-22 തിയതികളിൽ അഞ്ച് അധ്യായങ്ങളിലായി ദീപിക പ്രസിദ്ധീകരിച്ച “കാടിറക്കം ആധികാലം’ എന്ന പരന്പരയ്ക്കാണു പുരസ്കാരം.
ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡുകളിൽ പീപ്പിൾ ഫോക്കസ്ഡ് ഫീച്ചർ വിഭാഗത്തിലുള്ള ഈ പുരസ്കാരം ജൂലൈ ഒന്പതിനു കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. ഇൻഡിവുഡും – ഏരീസ് കലാനിലയവും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ അച്ചടി, ദൃശ്യ , ഓൺലൈൻ, ഡിജിറ്റൽ മാധ്യമങ്ങളിലെ മികവിനു വിവിധ പുരസ്കാരങ്ങൾ നൽകും.
നേരത്തെ ദേശീയതലത്തിലുള്ള റീച്ച്-യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്പ്, സ്‌കാര്‍ഫ് ഇന്ത്യ ദേശീയ മാധ്യമ പുരസ്‌കാരം, കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷക ഫെലോഷിപ്പ്, ഹ്യൂമന്‍ റൈറ്റ്സ് ഫോറം മീഡിയ അവാര്‍ഡ്, ചാവറ മാധ്യമ പുരസ്കാരം, സ്വരാജ് ഫൗണ്ടേഷന്‍ മാധ്യമ പുരസ്‌കാരം, മിന്നലൈ മീഡിയ അവാർഡ് എന്നിവ സിജോ പൈനാടത്തിന് ലഭിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ ആറങ്കാവ് പൈനാടത്ത് പരേതരായ എസ്തപ്പാനുവിന്‍റെയും മറിയംകുട്ടിയുടെയും മകനാണു സിജോ. ഭാര്യ: ഡോ. സിജി സിജോ (മഞ്ഞപ്ര സെന്‍റ് മേരീസ് യുപി സ്‌കൂള്‍ അധ്യാപിക). സ്റ്റെഫാന്‍ എസ്. പൈനാടത്ത് (എടനാട് വിജ്ഞാനപീഠം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി) മകനാണ്.