കാലടി: സ്വാതന്ത്ര്യ സമര സേനാനി കാഞ്ഞൂർ സ്വദേശി വി. നാരായണൻ നായരുടെ നൂറാം പിറന്നാൾ ആഘോഷിച്ചു. നാരായണൻ നായർക്ക് ജന്മദിനാശംസകൾ നേരുവാൻ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന്റെ വസതിയിൽ എത്തിയത്. ബെന്നി ബഹനാൻ എം.പി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ,ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ, പഞ്ചായത്ത് പ്രസിഡൻറ് വിജി ബിജു, വൈസ് പ്രസിഡൻറ് സിമി ടിജോ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ.എൻ കൃഷ്ണകുമാർ,മണ്ഡലം പ്രസിഡൻറ് സി.കെ ഡേവിസ്, ഐഎൻടിയുസി മണ്ഡലം പ്രസിഡൻറ് പി.ഐ നാദിർഷ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എബിൻ ഡേവീസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രിയ രഘു, പഞ്ചായത്തംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരും നാട്ടുകാരും പിറന്നാളാ ഘോഷത്തിൽ പങ്കെടുത്തു. പിറന്നാൾ സദ്യയുമുണ്ടായിരുന്നു.
വളരെ ചെറുപ്രായത്തിൽ പെരുമ്പാവൂർ മുടിക്കല്ലിലെ തീപ്പെട്ടി കമ്പനിയിൽ ജോലിചെയ്ത് വരവേയാണ് മഹാത്മാഗാന്ധിയെ കാണുവാൻ ഭാഗ്യം ലഭിച്ചത്. ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയ ഗാന്ധിജിയെ നേരിൽ കാണുവാനായത് അദ്ദേഹം ഏറെ അഭിമാനത്തോടെയാണ് ഓർക്കുന്നതും വിവരിക്കുന്നതും. പിന്നീട് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ അണിചേരുകയുമായിരുന്നു. അതോടൊപ്പം കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ച് വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്തു വന്നുവെങ്കിലും അധികാരസ്ഥാനങ്ങളുടേയും, സംഘടനാ ഭാരവാഹിത്വങ്ങളുടേയും പിറകെ പോകാതെ സാധാരണ പ്രവർത്തകനെന്ന നിലയിലായിരുന്നു ഇക്കാലമത്രയും ജീവിച്ചത്.
മദ്യനിരോധന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രൊഫ. എം.പി മന്മഥനുമായി ഒന്നിച്ചു പ്രവർത്തിക്കുവാനും അവസരമുണ്ടായി. മദ്യവർജന സന്ദേശമെഴുതിയ ഗാന്ധിജിയുടെ ചിത്രം പതിച്ച സ്റ്റിക്കറുകൾ വീടുവിടാന്തരം കയറിയിറങ്ങി നൽകിയതുമെല്ലാം ഇന്നും ത്രസിപ്പിക്കുന്ന ഓർമ്മകളാണെന്ന് അദ്ദേഹം പറയുന്നു. കാഞ്ഞൂർ പഞ്ചായത്തിന്റെ ബഡ്‌സ് സ്‌കൂളിനു വേണ്ടി 5 സെൻറ് സ്ഥലം സൗജന്യമായി നൽകുകയും പഞ്ചായത്ത് അവിടെ മനോഹരമായ കെട്ടിടം നിർമ്മിച്ച് സ്‌കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഈ സ്‌കൂളിന് മുൻപിൽ ചർക്കയിൽ നൂൽ നൂൽക്കുന്ന മഹാത്മജിയുടെ പ്രതിമ സ്ഥാപിച്ച് എല്ലാ ഒക്ടോബർ രണ്ടിനും അവിടെയെത്തിപുഷ്പങ്ങളർപ്പിച്ച് വരുന്നതുമെല്ലാം നാരായണൻ നായരുടെ സവിശേഷമായ രീതിയായിരുന്നു.