തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലക്ക് പുതിയ വിസി. പുതിയ വിസിയായി ഡോക്ടർ കെ കെ ഗീതാകുമാരിക്ക് ചുമതല നൽകി ഗവർണർ ഉത്തരവിറക്കി. നിലവിലെ വിസിയെ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. യുജിസി യോഗ്യത ഇല്ലാത്തതിന്‍റെ പേരിലാണ് കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും സംസ്‌കൃത വിസി ഡോ. എം വി നാരായണനെയുമാണ് പുറത്താക്കിയത്.
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലറായി ഡോ.എം.കെ.ജയരാജിന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിസി സ്ഥാനത്ത് നിന്നും എം.കെ.ജയരാജിനെ പുറത്താക്കിയ ചാൻസിലറുടെ ഉത്തരവ് മറ്റൊരു ഉത്തരവ് വരുന്നത് വരെ സ്റ്റേ ചെയ്തു. എന്നാൽ കാലടി സംസ്കൃത സർവകലാശാലാ വിസി ഡോ. എം.വി.നാരായണന്റെ ആവശ്യം കോടതി തള്ളി.
യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് കാലിക്കറ്റ്, സംസ്കൃത സർവ്വകലാശാല വിസിമാരുടെ നിയമനം എന്ന് ചൂണ്ടികാട്ടിയാണ് രണ്ട് വിസിമാരെയും ചാന്‍സലറായ ഗവർണർ പുറത്താക്കിയത്. കാലിക്കറ്റിൽ വിസി പരിഗണനയ്ക്ക് 3 പേരുകൾ നിർദ്ദേശിച്ചെങ്കിലും സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതായിരുന്നു ഡോ. ജയരാജിന്റെ പുറത്താക്കലിലേക്ക് നയിച്ചത്. ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഗവർണർ പുറത്താക്കൽ ഉത്തരവിൽ വ്യക്തമാക്കി.