അങ്കമാലി: കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ വില ഭൂവുടമകള്‍ക്ക് നല്‍കാന്‍ വൈകുന്നത് സാമ്പത്തിക ഞെരുക്കം മൂലമാണെന്ന് വ്യസായ വകുപ്പ് മന്ത്രി പി.രാജീവ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് റോജി എം. ജോണ്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രോഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കിഫ്ബിയില്‍ നിന്ന് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ ഭുവുടമകള്‍ക്ക് പണം നല്‍കാനാകൂ.
അയ്യമ്പുഴ ഗ്രാമത്തിലെ ഭുവുടമകളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിന് നോട്ടീസ് നല്‍കി വര്‍ഷങ്ങളായിട്ടും കര്‍ഷകര്‍ക്ക് വില നല്‍കാത്തത് അനീതിയാണെന്ന് എം.എല്‍.എ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ചികില്‍സ, ഭവന നിര്‍മ്മാണം എന്നീ അത്യാവശ്യങ്ങള്‍ക്ക് ഭൂമി പണയപ്പെടുത്താനോ വില്‍ക്കാനോ കഴിയാതെ ഭൂവുടമകള്‍ കഷ്ടപ്പെടുകയാണെന്നും എം.എല്‍.എ പറഞ്ഞു.
കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി പദ്ധതിയില്‍ ബിസിനസ് ഓഫീസുകള്‍, ദേശീയ, അന്തര്‍ദേശീയ ബാങ്കിംഗ് കമ്പനികള്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്, അസറ്റ് മാനേജ്മെന്‍റ്, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഐ.ടി,ഐ.ടി.ഇ.എസ് സേവനങ്ങള്‍, നിയമം, അക്കൗണ്ടിംങ്, ഓഡിറ്റ് മാനേജ്മെന്‍റ് ഓര്‍ഗനൈസേഷനുകള്‍, ഹോസ്പിറ്റാലിറ്റി, കണ്‍വെന്‍ഷന്‍, വിനോദം, സ്വകാര്യ ഇക്വിറ്റി ഏജന്‍സികള്‍, കമ്പനികള്‍, ഗവേഷണ വികസന വിജ്ഞാനാധിഷ്ഠിത ഓര്‍ഗനൈസേഷനുകള്‍ എന്നീ സെക്ടറുകളിലുള്ള കമ്പനികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനാണ് വിഭാവനം ചെയ്തിട്ടുള്ളത്.