അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ സംഘം വ്യാജവായ്പകള്‍ നല്‍കി 33 കോടിയിലേറെ രൂപയുടെ ക്രമക്കേടു നടത്തിയതായി സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ അനേ്വഷണത്തില്‍ കണ്ടെത്തി. കരുവന്നൂര്‍, കണ്ടല സഹകരണബാങ്കുകളിലേതിന് സമാനമായ വായ്പാ തട്ടിപ്പാണ് അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലും നടന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
സഹകരണ സൊസൈറ്റി ആക്ടിനെ അട്ടിമറിച്ച് ഉദ്യോഗസ്ഥരടങ്ങിയ സംഘം സംഘടിതമായി സൊസൈറ്റിയെ ദുരുപയോഗം ചെയ്തു. ഇതിനായി വ്യാപകമായി സംഘത്തിന്റെ സോഫ്റ്റ്‌വേര്‍ ദുരുപയോഗം ചെയ്തു. അംഗത്വമെടുക്കുന്നവര്‍ക്കു തിരിച്ചറിയല്‍ രേഖ നല്‍കാതെയും പ്രവേശന രജിസ്റ്ററില്‍ സാക്ഷ്യപ്പെടുത്തല്‍ ഒഴിവാക്കിയുമാണ് തട്ടിപ്പിന് കളമൊരുക്കിയത്.
ഒരേ അംഗത്തിനു തന്നെ എ ക്ലാസും സി ക്ലാസുമായി മൂന്ന് അംഗത്വം നല്‍കിയത് അനേ്വഷണത്തില്‍ കണ്ടെത്തി. ഒന്നരക്കോടിയോളം രൂപയുടെ വായ്പാ സംബന്ധമായ ഒരു രേഖയും പരിശോധനയ്ക്ക് ലഭ്യമായില്ലെന്ന് ക്രമക്കേട് അനേ്വഷിച്ച അസി. രജിസ്ട്രാര്‍ ഓഫീസിന്(ആലുവ) കീഴിലുള്ള അനേ്വഷണ ഉദ്യോഗസ്ഥയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗുരുതരമായ ധനാപഹരണം, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, സാമ്പത്തിക ക്രമക്കേട്, സോഫ്റ്റ്‌വേര്‍ ദുരുപയോഗം എന്നിവ വ്യക്തമായിട്ടുണ്ട്. മുന്‍ പ്രസിഡന്റ് പി.ടി. പോളും മറ്റ് ഭരണസമിതിയംഗങ്ങളും അന്തരിച്ച മുന്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാരും ചേര്‍ന്ന് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സംഘത്തിന്റെ ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മരിച്ചവരുടെ പേരിലും വായ്പയെടുത്ത് അഴിമതിക്കു വഴിയൊരുക്കി. വസ്തു ഇൗട് പരിശോധന ഭരണസമിതിയംഗങ്ങള്‍ നേരിട്ടു നടത്താതെ വാല്യൂവേഷന്‍ റിപ്പോര്‍ട്ടില്‍ തുക രേഖപ്പെടുത്തിയും തട്ടിപ്പു നടത്തി. ഒരുകോടി 37 ലക്ഷം രൂപ ഇൗടില്ലാതെ വായ്പ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വായ്പക്കാരില്‍നിന്നു വാങ്ങിയ രേഖകളും സമ്മതപത്രവും സൂക്ഷിച്ചിട്ടില്ല എന്നതും പ്രധാനമാണ്.
മാര്‍ച്ച് മാസങ്ങളില്‍ ധാരാളം വായ്പകള്‍ പുതുക്കി നല്‍കുന്ന സമയത്ത് വായ്പക്കാരന്‍ നേരിട്ടുവരാതെ തന്നെ അപേക്ഷയും ജാമ്യ കടപ്പത്രവും വ്യാജ ഒപ്പിട്ട് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി. എല്ലാ യൂസര്‍ ഐഡിയിലും എന്‍ട്രികള്‍ തിരുത്താനും അക്കൗണ്ട് ഹെഡുകളില്‍ മാറ്റം വരുത്താനും ഡിലീറ്റു ചെയ്യാനും സോഫ്റ്റ്‌വേറിലുള്ള സൗകര്യം ഉപയോഗിച്ചു സംഘം ജീവനക്കാര്‍ ധാരാളം മാറ്റങ്ങള്‍ വരുത്തിയതായ ഗുരുതര കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. ഇടപാടുകളെ സംബന്ധിച്ച വിവരങ്ങള്‍ സംഘത്തിന്റെ സോഫ്റ്റ്‌വേറില്‍നിന്നു പൂര്‍ണമായി ലഭ്യമാകാതിരുന്നതും തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നു.
ശാഖകളുള്ള സംഘങ്ങള്‍ക്കു നിര്‍ബന്ധമായും കോര്‍ ബാങ്കിങ് സംവിധാനവും ഏകീകൃത സോഫ്റ്റ്‌വേര്‍ സംവിധാനവും നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.