അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലുൾപ്പെട്ട ഒലിവ് മൗണ്ട് ഭാഗത്ത് പുലിയിറങ്ങി. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തുള്ള ആഞ്ഞിലിക്കൽ സിജു ഫ്രാൻസിസിന്‍റെ സിസി ടിവി ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
വീടിനു മുൻപിൽ അൽപ്പനേരം നിന്ന പുലി പിന്നീട് ഓടിമറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തിങ്കളാഴ്ച്ച രാത്രി 11 മണിയോടെയാണ് ദൃശ്യം ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. വനപ്രദേശത്തിന് കിലോമീറ്ററുകൾക്കിപ്പുറം പുലിയെ കാണാനിടയാക്കിയത് നാട്ടുകാരിൽ പരിഭ്രാന്തിക്കു കാരണമായിട്ടുണ്ട്. ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിച്ചതിലെത്തുടർന്ന് റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മറ്റ് സൂചനകളൊന്നും ലഭ്യമായിച്ചില്ല.
വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ വന്യജീവി ശല്യം സംബന്ധിച്ച് നാട്ടുകാർ നിരവധി തവണകളായി അധികൃതർക്കു പരാതി പറയുന്നു. കാട്ടാനകള്‍ കൂട്ടമായി വന്ന് ക്യഷി നശിപ്പിക്കുകയും വന്യമ്യഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് വരുകയും ചെയ്യുന്നത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ഇപ്പോൾ പുലിയെ കണ്ടതിന് ഏകദേശം ഒരു കിലോമീറ്റർ അകലത്താണ് ഏതാനും വർഷം മുൻപ് റബർ ടാപ്പിങ് തൊഴിലാളി പുലിയുടെ ആക്രമണത്തിനിരയായതും മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞതും.