അങ്കമാലി: അനുദിനം വർദ്ധിച്ചുവരുന്ന അങ്കമാലിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന് നിവേദനം നൽകി. രൂക്ഷമായ ഗതാഗതക്ക് മൂലം സ്വകാര്യ ബസ്സുകൾക്ക് സർവീസ് നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. മുനിസിപ്പൽ ബസ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചപ്പോഴും ലിറ്റിൽ ഫ്‌ലവർ ആശുപത്രിക്ക് മുന്നിൽ നിന്നും ക്യാമ്പ് ഷെഡ് റോഡ് ചുറ്റി വൺവേ സമ്പ്രദായം തുടങ്ങിയപ്പോഴും ബസ്സുകൾക്ക് ആവശ്യമായ സഞ്ചാരസമയം അനുവദിച്ചിട്ടില്ല. ടൗണിലെ വിവിധ ഭാഗങ്ങളിലെ അനധികൃത പാർക്കിംഗ് വർദ്ധിച്ചതും ഫ്രീ ലെഫ്റ്റ് സംവിധാനം ഇല്ലാതെ സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ചതും വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ ക്രമാതീതമായ വർദ്ധനവും മൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനാൽ മിക്ക ദിവസങ്ങളിലും സമയനിഷ്ഠ പാലിച്ച് സർവീസ് നടത്തുവാനോ ട്രിപ്പുകൾ പൂർത്തിയാക്കുവാനും കഴിയുന്നില്ല.
പോലീസും മോട്ടോർ വാഹന വകുപ്പും സ്വകാര്യ ബസ്സുകൾക്ക് മേൽ അമിതമായ പിഴ ചുമത്തുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. ഗതാഗത കുരുക്കിന്റെ ഫലമായി ട്രിപ്പുകൾ റദ്ദാക്കേണ്ടി വരുമ്പോൾ ഗ്രാമ പ്രദേശങ്ങളിലേക്ക് പോകേണ്ട വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കങ്ങൾ ഉണ്ടാക്കുന്നതും പതിവായി. ഏറെ നിവേദനങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ പഴയ മുൻസിപ്പൽ ഓഫീസിന്റെ എതിർ വശത്തുണ്ടായിരുന്ന റോഡിലേക്ക് തള്ളി നിന്നിരുന്ന ബസ് കാത്തുനിൽപ്പുകേന്ദ്രം പൊളിച്ചു മാറ്റിയത് മാത്രമാണ് അടുത്ത നാളുകളിൽ അധികാരികൾ എടുത്ത നടപടി. എന്നാൽ പൊളിച്ചുമാറ്റിയ ഭാഗം ടാറിങ് നടത്തി യാത്രക്കാർക്ക് ഉപകാരപ്പെടും വിധം സൗകര്യപ്രദമാക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. പ്രശ്‌നപരിഹാരത്തിന് ഗതാഗതമന്ത്രി ഇടപെടണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അങ്കമാലി മേഖല പ്രസിഡന്റ് ഏ.പി. ജിബിയും സെക്രട്ടറി ബി. ഓ.ഡേവിസും ആവശ്യപ്പെട്ടു.