ആലുവ: മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിയ്ക്ക് സമീപം പീടിക പറമ്പിൽ വീട്ടിൽ ജ്യോതിഷ് (36), പൈപ്പ് ലൈൻ റോഡിൽ മേയ്ക്കാട് വീട്ടിൽ രഞ്ജിത്ത് (36), മാധവപുരം കോളനി ഭാഗത്ത് മെൽബിൻ (43) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
എസ്.എൻ പുരം ഭാഗത്ത് മാധ്യമപ്രവർത്തക ജിഷയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം വീടിന്റെ വാതിൽ വെട്ടി പൊളിക്കാൻ ശ്രമിച്ചു. ജനൽച്ചില്ലുകൾ തല്ലി തകർത്തു. നാല് ഇരു ചക്ര വാഹനങ്ങൾക്ക് കേടു വരുത്തി. വധ ഭീഷണി മുഴക്കുകയും ചെയ്തു. രാജേഷ്, ജ്യോതിഷ്, രഞ്ജിത്ത് എന്നിവർ നിരവധി കേസുകളിലെ പ്രതികളും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരുമാണ്.
ഡി വൈ എസ് പി എ . പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് , എസ്.ഐ മാരായ എസ്.എസ് ശ്രീലാൽ, കെ. നന്ദകുമാർ , സി പി ഒ മാരായ ടി.എ അഫ്സൽ, കെ.എം ഷാനിഫ്, കെ.കെ രാജേഷ്, പി.എ മുനീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.