ആലുവ : ആലുവ കമ്പനിപ്പടിയിൽ കഴിഞ്ഞദിവസം റോഡിൽ പറന്നത് 40,000 രൂപ. ഫ്രൂട്ട് കച്ചവടക്കാരനായ കളമശ്ശേരി പത്തടിപ്പാലം വാടക്കാത്ത് പറമ്പിൽ അഷറഫ് (60) കച്ചവടാവശ്യത്തിനായി കരുതിയ പണമാണ് ദേശീയപാതയിൽ പറന്നത്. പതിനായിരം രൂപയോളം ഉടമയ്ക്ക് തിരികെ ലഭിച്ചു.
റോഡിലൂടെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരടക്കം അഞ്ഞൂറ് രൂപ നോട്ടുകൾ പെറുക്കിയെടുത്തതിനാൽ ആളെ കണ്ടെത്തി തിരികെ ചോദിക്കാൻ അഷറഫിന് കഴിഞ്ഞില്ല. കനിവുതോന്നി പണം തിരികെനൽകാൻ മറ്റുള്ളവർ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അഷറഫ്. പണം നഷ്ടമായത് എങ്ങനെയെന്നറിയാതെ സങ്കടത്തിലിരിക്കെയാണ് റോഡിൽ പണം പറന്ന വിവരം അഷറഫ് അറിയുന്നത്. ഉടൻ കമ്പനിപ്പടിയിലെത്തി തിരക്കിയപ്പോൾ ഇവിടത്തെ സി.ഐ.ടി.യു അംഗമായ ചുമട്ടുതൊഴിലാളി നൗഷാദിന് 6,500 രൂപ ലഭിച്ചതറിഞ്ഞു. അദ്ദേഹം ഉടൻ പണം കൈമാറി. സമീപത്തെ ലോട്ടറി വില്പനക്കാരൻ തായിക്കാട്ടുകര സ്വദേശി അലിക്ക് കിട്ടിയ 4,500 രൂപ ഇന്ന് നൽകാമെന്നും അറിയിച്ചു.
അഷറഫും സുഹൃത്ത് നെജീബും ചേർന്നാണ് തൃക്കാക്കര എൻ.ജി.ഒ. ക്വാർട്ടേഴ്‌സിന് സമീപം ഫ്രൂട്ടുകട നടത്തുന്നത്. ആലുവ മാർക്കറ്റിൽനിന്ന് വ്യാഴാഴ്ച രാവിലെ ഫ്രൂട്ട്‌സ് വാങ്ങി ഓട്ടോറിക്ഷയിൽ കയറ്റിവിട്ടു. പിന്നാലെയുള്ള സ്കൂട്ടറിലാണ് അഷറഫ് പോയത്. അഷറഫിന്റെ പാന്റ്‌സിന്റെ പോക്കറ്റിൽനിന്നും 40,000 രൂപയുടെ അഞ്ഞൂറിന്റെ 80 നോട്ടുകൾ പുറത്തേക്ക് വീഴുകയായിരുന്നു. പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് പണംവെച്ചതെങ്കിലും പണം ഊർന്നുപോയതോടെ റോഡിൽ ചിതറിയാണ് വീണത്. റോഡിൽ വീണ പണമാണ് എല്ലാവരും പെറുക്കിയെടുത്തത്.
എവിടെനിന്നാണ് പണം വീണതെന്ന് പെറുക്കിയെടുത്തവർക്കാർക്കും മനസ്സിലായില്ല. അഷറഫ് കടയിലെത്തി ഓട്ടോറിക്ഷക്കാരന് വാടകനൽകാനായി പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞത്. തിരികെ ആലുവയിലെ കടയിലെത്തി സി.സി. ടി.വി. ദൃശ്യം പരിശോധിച്ചപ്പോൾ ബാക്കി പണം കവറിലാക്കി പോക്കറ്റിൽവെയ്ക്കുന്ന ദൃശ്യം കണ്ടു. വഴിനീളെ റോഡിൽ പണം കിടപ്പുണ്ടോയെന്ന് നോക്കിയെങ്കിലും കിട്ടിയില്ല.