ആലുവ: സഹപ്രവർത്തകർക്കൊപ്പം ക്രിക്കറ്റ് മത്സരത്തിനറങ്ങിയ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മിന്നുന്ന പ്രകടനം കണ്ട് കളിക്കാനെത്തിയവർക്കും കാണികൾക്കും ഒരുപോലെ അത്ഭുതം. ലഹരിക്കെതിരെ റൂറൽ പോലീസ് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിലാണ് എസ്.പി വിസ്മയമായത്. ക്ലാസിക്ക് പ്ലെയറുടെ ശൈലിയിലാണ് ഓരോ കളിയിലും ബാറ്റ് ചെയ്തത്. അവസാന ഓവറുകളിൽ ഹാർഡ് ഹിറ്റ് ചെയ്ത് റൺ മഴ പെയ്യിപ്പിച്ചു. രണ്ട് മത്സരങ്ങളിലും ഓപ്പൺ ബാറ്റ്‌സ്മാനായിറങ്ങി പുറത്താവാതെ തിളങ്ങുകയും, തുടർച്ചയായി സിക്‌സറുകളും ബൗണ്ടറികളുമടിച്ച് അമ്പരിപ്പിക്കുകയും ചെയ്തു. സിംഗിൾ റൊട്ടേറ്റിലും മികവു പുലർത്തി.
കളിക്കാർക്ക് നിർദ്ദേശങ്ങൾ നൽകിയും , ഉപദേശങ്ങൾ നൽകിയും ആവേശം പകർന്നും ഗ്രൗണ്ടിൽ മത്സരത്തിലുടനീളം നിറഞ്ഞ് നിന്ന ഈ ക്യാപ്റ്റന് ചെറുപ്പം മുതൽ ക്രിക്കറ്റ് ആവേശമായിരുന്നു. ഉത്തർപ്രദേശ് സംസ്ഥാന തലത്തിൽ അണ്ടർ 19 ടീമിൽ കളിച്ച വൈഭവ് സക്‌സേന ബാറ്റിംഗിലും കീപ്പിങ്ങിലുമാണ് അന്ന് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് ജേതാവായിട്ടുണ്ട്. ഐപിഎസ് നേടുന്നതിന് മുൻപ് കുട്ടികളുടെ ഡോക്ടറായിരുന്നു വൈഭവ് സക്‌സേന.
ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ഡോ: വൈഭവ് സക്‌സേന നേതൃത്വം നൽകിയ പോലീസ് ടീം ജേതാക്കളായി. ഫൈനലിൽ ഐ.എം.എ ആലുവയെ പരാജയപ്പെടുത്തിയാണ് കപ്പ് സ്വന്തമാക്കിയത്. തുരുത്ത് ഗോട്ട് ക്ലബ്ബ് ടർഫിൽ നടന്ന മത്സരം എസ്.പി ഉദ്ഘാടാനം ചെയ്തു. ജില്ലാ പോലീസ് മേധാവിയെ കൂടാതെ , എ.എസ് പി മോഹിത് റാവത്ത്, വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസുദ്യോഗസ്ഥർ, അഡ്മിനിസ്‌ട്രേറ്റിവ് സ്റ്റാഫ് തുടങ്ങിയവർ പോലീസ് ടീമിൽ അണിനിരന്നു. ആലുവയിലെ മാധ്യമ പ്രവർത്തകരുടെ ടീമായ മീഡിയ ക്ലബ്ബ്, ജില്ലയിലെ ഡോക്ടർമാരുടെ ടീം ഐ.എം.എ , കാലടി ആദി ശങ്കര എൻജിനിറിങ്ങ് കോളേജ് എന്നിവരാണ് മത്സരത്തിൽ പങ്കെടുത്ത മറ്റ് ടീമുകൾ പെരുമ്പാവൂർ എ.എസ്.പി മോഹിത് റാവത്ത് മാൻ ഓഫ് ദി സീരിയസായി. മികച്ച ബാറ്റ്‌സ്മാൻ ഐ.എം.എ യിലെ ഡോ.അജീഷ്. മികച്ച ബ്ലൗളർ പോലീസിലെ വിനു വിജയൻ . ഡോ. അശോക് കുമാർ പോലീസ് ടീമിന് ട്രോഫി സമ്മാനിച്ചു.
മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കളിക്കാർക്കും , ഒഫീഷ്യൽസിനും ആലുവ മീഡിയ ക്ലബ്ബ് കേക്കുകൾ വിതരണം ചെയ്തു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ ആലുവയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് നൂറിലേറെ പേരെ പങ്കെടുപ്പിച്ചുകൊണ്ട് സൈക്കിൾ റാലി നടത്തിയിരുന്നു.വരും ദിവസങ്ങളിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കും