ആലുവ: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് വിദേശത്തേക്ക് സ്ത്രീകളെ ജോലിക്ക് കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ മുഖ്യ ഏജൻറ് പിടിയിൽ. മലപ്പുറം എടയാറ്റൂർ മാനഴി പൂത്തോട്ടിൽ വീട്ടിൽ ലിയാഖത്ത് അലി (53) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. കഴിഞ്ഞ സെപ്തംബറിലാണ് അഞ്ച് സ്ത്രീകളെ നെടുമ്പാശേരി വിമാനത്താവളം വഴി കുവൈത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. വീട്ടുജോലിയാണ് പറഞ്ഞിരുന്നത്.
വിദ്യാഭ്യാസം കുറഞ്ഞ 40 വയസിൽ താഴെയുള്ള ഇവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് വേണമായിരുന്നു. അതുകൊണ്ട് ടൂറിസ്റ്റ് വിസയിൽ മസ്ക്കറ്റിലെത്തിച്ച് അവിടെ നിന്ന് കുവൈറ്റിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. എമിഗ്രേഷൻ പരിശോധനയിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പോലീസിന് കൈമാറി. പരിശോധനയിൽ പാസ്പോർട്ടിലെ പേജുകൾ കീറിമാറ്റി പുതിയ പേജുകൾ തുന്നിചേർത്തതായും കണ്ടെത്തിയിരുന്നു. ഇത് ചെയ്തു കൊടുത്ത് ഇവരെ വിദേശത്തെത്തിക്കാൻ ശ്രമിച്ച ഏജൻറിനെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ബുധനാഴ്ച രാത്രി എയർ പോർട്ട് പരിസരത്ത് നിന്ന് പിടികൂടിയത്.
ഡി വൈ എസ് പി.ഗിൽസൺ മാത്യു, സബ് ഇൻസ്പെക്ടർ കെ.ജെ.ബിജു, സി.പി.ഒ എം.ടി.പ്രജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.