ആലുവ: പോലീസിന്റെ പ്രൊജക്ട് ഹോപ്പ് പദ്ധതിയിൽ എറണാകുളം റൂറൽ ജില്ലയിൽ പ്ലസ്ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് 64 വിദ്യാർത്ഥികൾ. പ്രതികൂല ജീവിത സാഹചര്യങ്ങളാൽ എസ് എസ് എൽ സി /പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവിട്ടു പോകുന്ന വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുന്ന കേരള പോലീസിന്റെ പദ്ധതിയാണ് പ്രോജക്ട് ഹോപ്പ്. നഷ്ടപ്പെട്ട പഠനാവസരത്തെ എന്തുവിലകൊടുത്തും തിരിച്ചു പിടിക്കാനുള്ള കഠിനശ്രമത്തിലാണ് വിദ്യാർത്ഥികൾ. അവരുടെ ആഗ്രഹങ്ങൾക്ക് കൂട്ടിരിക്കുകയാണ് പോലീസുദ്യോഗസ്ഥരും അധ്യാപകരും ഈ അധ്യായന വർഷത്തിൽ ഹോപ്പ് പാഠ്യപദ്ധതിയിലൂടെ. പറവൂർ ലക്ഷ്മി കോളേജിൽ 44 വിദ്യാർത്ഥിയും എടത്തല എം ഇ എസ് ഹോപ്പ് സെന്ററിൽ 20 വിദ്യാർത്ഥികളുമാണ് പഠിക്കുന്നത്. കഴിഞ്ഞ വർഷം 28 പേരാണ് ഹോപ്പിൽ പരീക്ഷയെഴുതിയത്.
കൃത്യമായ ക്ലാസുകൾ, ബോധവൽക്കരണ പരിപാടികൾ, കൗൺസിലിംഗുകൾ, ഇതര പ്രവർത്തനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കുന്നു. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന പ്രവർത്തനങ്ങൾ വിലയിരുത്തി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു. പദ്ധതിയുടെ എറണാകുളം റൂറൽ ജില്ലയിലെ മുൻനിരപ്രവർത്തകരായ അധ്യാപകർക്ക് വേണ്ടി ആലുവ ജില്ലാ പോലീസ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിൽ ഏകദിന ലൈഫ് സ്കിൽ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.
ഹോപ്പ് മുൻ ഡി.എൻ. ഒ.യും സബ് ഇൻസ്പെക്ടറുമായ ടി.എസ്. ഗിൽസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ വി.എസ് ഷിഹാബ് അധ്യക്ഷത വഹിച്ചു. പ്രഗ്യ എക്സ്പീരിയൻഷ്യൽ ലേണിംഗ് ഫൗണ്ടർ അഡ്വ: എം. പ്രഭ, നന്മ കോർഡിനേറ്റർ ഷിബി ഹരി, എംഇഎസ് ഹോപ്പ് സെന്റ൪ കോർഡിനേറ്റർ ബി.എസ് സിന്ധു , ഹോപ്പ് അധ്യാപിക ഓമനക്കുഞ്ഞമ്മ , പറവൂർ ലക്ഷ്മി കോളേജ് അധ്യാപകൻ കുര്യൻ തുടങ്ങിയവർ നേതൃത്വം നൽകി.