ആലപ്പുഴ: തകഴിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ കെ.ജി പ്രസാദ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് പ്രസാദ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. തുടർന്ന്, അദ്ദേഹത്തെ തിരുവല്ല സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബി.ജെ.പി കര്‍ഷക സംഘടനയായ കിസാൻ സംഘിന്റെ ജില്ലാ പ്രസിഡന്റാണ് കെ.ജി പ്രസാദ്.
പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സർക്കാറും മറ്റ് മൂന്ന് ബാങ്കുകളുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നാണ്
അദ്ദേഹം കുറിപ്പിൽ പറയുന്നത്. 2011-ല്‍ പ്രസാദ് ഒരു കാര്‍ഷിക വായ്പ എടുത്തിരുന്നു. 2021-ല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ഈ തുക തിരിച്ചടയ്ക്കുകയം ചെയ്തു. എന്നിട്ടും പ്രസാദിന് സിബിൽ സ്കോർ കുറവാണെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ലോൺ അനുവദിച്ചിരുന്നില്ല എന്നാണ് വിവരം.
ഇക്കാര്യം അന്വേഷിച്ചപ്പോഴാണ് പി.ആര്‍.എസ് വായ്പ കുടിശ്ശികയായതാണ് സിബിൽ സ്കോർ കുറയാൻ കാരണമായതെന്ന് വ്യക്തമാകുന്നത്. നെല്ല് സംഭരിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപ പി.ആർ.എസ് വായ്പാ രീതിയിൽ സർക്കാർ പ്രസാദിന് നൽകിയിരുന്നു. എന്നാൽ, തുക സർക്കാർ തിരിച്ചടയ്ക്കാതെ വന്നതോടെ അദ്ദേഹത്തിന് മറ്റ് വായ്പകൾ കിട്ടാതെയായി. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പ്രശ്നങ്ങൾ വഴിവച്ചത്. ഇതിന്റെ വിഷമം മറ്റൊരാളോട് പ്രസാദ് കരഞ്ഞുകൊണ്ട് പറയുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
ഞാന്‍ പരാജയപ്പെട്ടുപോയി സഹോദരാ… ഞാന്‍ കുറേ ഏക്കര്‍ സ്ഥലം കൃഷി ചെയ്തു. പിന്നീട്, ആ നെല്ല് സര്‍ക്കാറിന് കൊടുത്തു. സര്‍ക്കാര്‍ നമുക്ക് പണം നല്‍കിയില്ല. ഞാന്‍ ലോണ്‍ ചോദിച്ചപ്പോള്‍ അവര് പറഞ്ഞു പി.ആര്‍.എസ് കുടിശ്ശികയാണെന്നാണ്. എനിക്ക് ജീവിക്കാന്‍ മാര്‍ഗമില്ല, ശബ്ദസന്ദേശത്തിൻ പ്രസാദ് പറയുന്നു.