കാലടി: കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ ആശയത്തിന് പേറ്റന്റ് ലഭിച്ചു. ബിടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിദ്യാർഥികളായ അശ്വിൻ ബാബു, അജയ്ഗോപാൽ ജയപ്രകാശ്, സിറിൽ വർഗീസ്, എം.ബി വിഷ്ണു, സി.ജെ ഗ്ലാഡ്‌സൺ, ആഗിൻ ജോസഫ് എന്നിവരുടെ ആശയത്തിനാണ് പേറ്റന്റ് ലഭിച്ചത്. 2021ൽ ആണ് ഇവർ പേറ്റന്റിനായി സമർപ്പിച്ചിരുന്നത്. അവസാന വർഷ പ്രോജെക്ടിന്റെ ഭാഗമായി മുന്നോട്ടു വെച്ച ‘രക്ഷക് ‘എന്ന ആശയത്തിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.
ആംബുലൻസ്, ഫയർ എൻജിൻ പോലുള്ള അടിയന്തിര വാഹനങ്ങൾ ട്രാഫിക് ബ്ലോക്കുകൾ പൂർണ്ണമായും ഒഴിവാക്കി, ലക്ഷ്യസ്ഥാനത്തു അതിവേഗം എത്തുന്നതിനു സഹായിക്കും വിധം ട്രാഫിക് സിഗ്‌നലുകൾ നവീകരിക്കുന്നതിനുള്ള ആശയമാണ് രക്ഷക് മുന്നോട്ടു വെക്കുന്നത്. ഇലക്ട്രിക്കൽ ഡിപ്പാർട്‌മെന്റിലെ പ്രൊഫസർമാരായ എസ്. രാജലക്ഷ്മി, എസ്. ഗോമതി എന്നിവരുടെ മേൽനോട്ടത്തിലാണ് വിദ്യാർഥികൾ ആശയം സമർപ്പിച്ചത്.