കാലടി:ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ജനുവരി 11 – 12 തിയതികളിൽ ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൽ പങ്കെടുക്കാൻ കാലടി ആദി ശങ്കര എൻജിനീയറിങ് കോളജിലെ എൻ എസ് എസ് വോളണ്ടീയറായ ദേവിക ജി എ തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ വ്യാപകമായി നടത്തപ്പെട്ട ഓൺലൈൻ ക്വിസ് മത്സരത്തിലും പ്രബന്ധരചനാ മത്സരത്തിലും മികവ് പുലർത്തിയ ദേവിക തിരുവനന്തപുരത്തു വച്ചുനടന്ന പ്രബന്ധ അവതരണത്തിലും അഭിമുഖത്തിലും മികച്ച പ്രകടനം നടത്തിയാണ് ഈ നേട്ടത്തിലേക്ക് എത്തിയത്. പ്രധാനമന്ത്രിയുമായി സംവദിക്കാനും അദ്ദേഹത്തിന് മുമ്പിൽ വികസിത ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും ഉള്ള അവസരമാണ് ദേവികക്ക് കൈവന്നിരിക്കുന്നത്.
കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 39 പേരാണ് ദേശീയയുവജന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഡൽഹിയിലേക്ക് പോകുന്നതിനു മുമ്പ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറൂമായി സംഘം കൂടിക്കാഴ്ച നടത്തും. ആദി ശങ്കര എൻജിനീയറിങ് കോളേജിലെ അഞ്ച് എൻ എസ് എസ് വളണ്ടിയർമാർ തിരുവനന്തപുരത്ത് വച്ച് നടന്ന അവസാനഘട്ട മത്സരത്തിലേക്ക് തിരഞ്ഞെടുക്കാപ്പെട്ടിരുന്നു. ആലപ്പുഴ രാമങ്കരി സ്വദേശിനിയായ ദേവിക രെശ്മി കെ എസ് ൻ്റെയും ജിജു എ പി യുടെയും മകളാണ്. ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.