
അങ്കമാലി: ആംസ്റ്റര്‍ഡാം സ്വദേശിയായ 87 കാരനില്‍ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. തെന്നി വീണുണ്ടായ പരിക്കിനെ തുടര്‍ന്നാണ് രോഗി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം നെക്ക് ഓഫ് ഫീമര്‍ ഫ്രാക്ചർ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 87 കാരനായ ഹാൻസ് ഹെർമൻ വാൻ ഡെർ ബർഗിനെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഇടുപ്പില്‍ പൊട്ടലുണ്ടാകുന്ന അവസ്ഥയാണ് നെക്ക് ഓഫ് ഫീമര്‍ ഫ്രാക്ചർ.
മൂന്നാറില്‍ അവധിക്കാലം ആഘോഷിക്കുന്നതിനായെത്തിയ ഇദ്ദേഹം തെന്നി വീണതിനെ തുടർന്നാണ് ഹിപ് ഫ്രാക്ചര്‍ സംഭവിക്കുന്നത്. ഇടുപ്പിലെ അതികഠിനമായ വേദന കാരണം നടക്കുവാന്‍ പോലും സാധിക്കാത്ത നിലയിലാണ് രോഗിയെ ഹോസ്പിറ്റലിലെത്തിക്കുന്നത്. തുടര്‍ന്ന് ഒരു മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ വിജയകരമായി ഇടുപ്പ് മാറ്റിവെക്കുകയായിരുന്നു.
നടക്കാനുള്ള ബുദ്ധിമുട്ടും ചിലപ്പോള്‍ കിടപ്പിലാകുവാന്‍ വരെ സാധ്യതയുള്ളതുമായ ഫ്രാക്ച്ചറാണ് രോഗിയില്‍ ഉണ്ടായിരുന്നത്. ഓര്‍ത്തോപീഡിക്, അനസ്തേഷ്യോളജി, എമര്‍ജന്‍സി മാനേജ്മെന്റ് വിഭാഗം ഡോക്ടര്‍മാരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാനായത്.
പൊതുവെ മുതിര്‍ന്ന പൗരന്മാരില്‍ നെക്ക് ഓഫ് ഫീമര്‍ ഫ്രാക്ചർ സംഭവിച്ചാല്‍ രോഗിയുടെ നില വളരെ ഗുരുതരമാകുവാനുള്ള സാധ്യതകള്‍ കൂടുതലാണ്. മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന ഇത്തരമൊരു സാഹചര്യത്തില്‍, സമയോചിതമായി നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാന്‍ സാധിച്ചതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഓര്‍ത്തോപീഡിക്‌സ് വിഭാഗം ഡോ. അജയകുമാര്‍ ടി പറഞ്ഞു. അത്ഭുതകരമായ രീതിയില്‍ വളരെ വേഗം തന്നെ രോഗി സാധാരണ നിലയിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
അനസ്തേഷ്യോളജി വിഭാഗം ഡോ. നീതു, ഡോ. ജിതിന്‍, അസ്സോസിയേറ്റ് കണ്‍സല്‍ട്ടന്റ് ഡോ. നിസാജ് എന്‍ എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.