
പാലക്കാട്: പാലക്കാട് ജില്ലയിലെ നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം. ഇവിടുത്തെ താമസക്കാരായ സുധാകരൻ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരൻ്റെ ജേഷ്‌ഠൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ പരോളിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
രണ്ട് മാസമായി ഇയാൾ നാട്ടിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ നാട്ടിലെത്തിയതിനെ തുടർന്ന് നാട്ടുകാർ ഭയാശങ്കയിലായിരുന്നു. ഇയാൾ വീണ്ടും ആരെയെങ്കിലും കൊലപ്പെടുത്തുമെന്ന സംശയം നാട്ടുകാർക്ക് ഉണ്ടായിരുന്നു. ഇക്കാര്യം വാർഡ് മെമ്പർ മുഖാന്തിരം പൊലീസിലും അറിയിച്ചിരുന്നു. ഇതിനിടെയാണ് നാട്ടുകാർ ഭയന്നത് പോലെ ആദ്യം കൊലപ്പെടുത്തിയ സ്ത്രീയുടെ വീട്ടിൽ കയറി വീണ്ടും രണ്ട് പേരെ കൂടെ ചെന്താമര കൊലപ്പെടുത്തിയത്.