
കാലടി കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മറ്റൂർ യോർദ്ദനാപുരം പൊതിയേക്കര ഭാഗത്ത്, വള്ളൂരാൻ വീട്ടിൽ ആഷിക്ക് പൗലോസ് (24)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്.
കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ന്യായ വിരോധമായി സംഘം ചേരൽ, കാപ്പാ ഉത്തരവിൻ്റെ ലംഘനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2022 ജനുവരി മുതൽ 6 മാസത്തേക്ക് ഇയാളെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ അങ്കമാലിയിലെ ഒരു ബാറിൽ വച്ച് ആഷിക്ക് മനോഹരൻ എന്നയാളെ സംഘം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ ഏഴാം പ്രതിയായതിനെ തുടർന്നാണ് നടപടി.
കാലടി പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ജോസി എം ജോൺസൻ, കെ. മുഹമ്മദ് ആഷിക്ക്. അസി. സബ്ബ് ഇൻസ്പെക്ടർ എസ്.എ ബിജു , സിവിൽ പോലീസ് ഓഫീസർ കെ.എസ് സനിൽ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.