കാലടി: തിരുവൈരാണിക്കുളത്ത് നടതുറപ്പ് മഹോത്സവത്തിന് എത്തിയ ഭക്തൻ ശ്രീപാർവ്വതിദേവിയുടെ നടയിൽ ചുമർചിത്രം സമർപ്പിച്ചു. അങ്കമാലി വേങ്ങൂർ സ്വദേശി രവിശങ്കർ മേനോനാണ് വഴിപാടായി ചിത്ര സമർപ്പണം നടത്തിയത്. കഴിഞ്ഞ വർഷത്തെ നട തുറപ്പുത്സവത്തിനെത്തിയപ്പോൾ അഭീഷ്ട കാര്യസാദ്ധ്യത്തിനായി നടയിൽ നിന്ന് പ്രാർത്ഥിക്കുകയും ഒരു വർഷത്തിനുള്ളിൽ അത് സാദ്ധ്യമാവുകയും ചെയ്തു. തുടർന്ന് ദേവിയുടെ അനുഗ്രഹഫലം ലഭിച്ചെന്ന വിശ്വാസത്തിൽ മനസ്സിൽ നിനച്ച വഴിപാട് നടത്തുകയായിരുന്നന്ന് അദ്ദേഹം പറഞ്ഞു.
കേരളീയ ചുവർച്ചിത്ര രചനാ സംമ്പ്രദായത്തിൽ രചിച്ച പാർവതി സ്വയംവരം(ഗിരിജ കല്യാണം) ആലേഖനം ചെയ്ത ചിത്രമാണ് ദേവിയുടെ തിരുനടയിൽ സമർപ്പിച്ചത്. അങ്കമാലി സ്വദേശികളായ സുജാത അനിൽകുമാർ, അഭിലാഷ് അരവിന്ദ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. ക്ഷേത്രം മേൽശാന്തിയായ ശ്രീ നടുവം നാരായണൻ നമ്പൂതിരിപ്പാട് ചിത്രം അനാശ്ചാദനം നടത്തി. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി യു രാധാകൃഷ്ണൻ, സെക്രട്ടറി എ എൻ മോഹനൻ, മാനേജർ എം കെ. കലാധരൻ, മറ്റ് ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.മൂന്നു വർഷം മുൻപ് ക്ഷേത്രത്തിൻ്റെ ബലിക്കൽപുരയിൽ ക്ഷേത്ര പ്രതിഷ്ഠയുമായും ശിവ കുടുംബവുമായും ബന്ധപ്പെട്ട ചുമർചിത്രം സ്ഥാപിച്ചിരുന്നു