കാലടി: പുത്തന്‍കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്‌സവത്തിനായി പതിനായിരങ്ങള്‍ അദ്വൈതഭൂമിയിലെത്തി. ക്ഷേത്രപരിസരത്തും പുത്തന്‍കാവ് റോഡിലുമായി ഒരുക്കിയ അറുനൂറിലേറെ അടുപ്പുകളില്‍ രാവിലെ ഭക്തര്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ചു. സമൂഹപൊങ്കാലയിലും നിരവധി സ്ത്രീകള്‍ പങ്കാളികളായി. ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി കിരണ്‍ കൃഷ്ണന്‍ നമ്പൂതിരി ദീപം പകര്‍ന്നു നല്‍കി. ദീപം അടുപ്പുകളില്‍ തെളിച്ചതോടെ പൊങ്കാലയര്‍പ്പണത്തിന് തുടക്കമായി. സംസ്‌കൃത സര്‍വകലാശാല സംഗീത വിഭാഗം മുന്‍ മേധാവി പ്രീതി സതീഷ് സംഗീതാരാധന നടത്തി. വെളിച്ചപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പൊങ്കാലയടുപ്പുകളില്‍ തീര്‍ഥം തളിച്ചതോടെ പൊങ്കാലയര്‍പ്പണം പൂര്‍ത്തിയായി.
തുടര്‍ന്ന്, ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ അമ്മാര്‍ക്കുള്ള ചികിത്‌സാസഹായം ക്ഷേത്രം മാനേജിങ് ട്രസ്റ്റി കാപ്പിള്ളി ശ്രീകുമാര്‍ നമ്പൂതിരിയും കുട്ടികള്‍ക്കുള്ള പഠനസഹായം വ്യവസായി ലെനില്‍ കുമാറും വിതരണം ചെയ്തു. മഹോത്‌സവ സമിതി നടത്തിക്കൊടുക്കുന്ന വിവാഹത്തിന്റെ താലിചാര്‍ത്തല്‍ ചടങ്ങ് നടന്നു. ശ്രീമൂലനഗരം കല്ലയം വള്ളിക്കെട്ടേരി സുനില്‍കുമാറിന്റേയും മല്ലികയുടേയും മകന്‍ മഹേഷും ചെങ്ങമനാട് പൊയ്ക്കാട്ടുശേരി ആട്ടോക്കാരന്‍ സെബാസ്റ്റ്യന്റേയും ഷിജിയുടേയും മകള്‍ റോസ്മിയുമാണ് വിവാഹിതരായത്. വിവാഹച്ചടങ്ങുകള്‍ക്ക് മകരച്ചൊവ്വ മഹോത്‌സവം ഉപദേശക സമിതിയംഗം കെ. ശങ്കരമണി, മാനേജിങ് ട്രസ്റ്റി കാപ്പിള്ളി ശ്രീകുമാര്‍ നമ്പൂതിരി, ആഘോഷ സമിതി പ്രസിഡന്റ് ഇ.ആര്‍. പ്രസാദ്, സെക്രട്ടറി ഇ.ആര്‍. ശങ്കരമണി, ബിജു ഗോപി, എന്‍. സുധേഷ്, കെ.ടി. രതീഷ്, ബി. ഗോപി, രഞ്ജിത് ചന്ദ്രന്‍, മിനി ജയരാജ്, ഷൈലജ ഷൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് മകരയൂട്ട് നടന്നു. പ്രത്യേകം നിര്‍മിച്ച പന്തലില്‍ പതിനായിരം പേര്‍ക്കുള്ള പ്രസാദ ഊട്ടാണ് ഒരുക്കിയത്. വൈകീട്ട് കാലടി ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തില്‍ നിന്നും ആനയുടെ അകമ്പടിയോടെ താലഘോഷയാത്ര ആരംഭിച്ചു. ഭക്തിഗാനമേള, പൂമൂടല്‍, ഭഗവതിസേവ, 2025 കതിനവെടി, ക്‌ളാസിക്കല്‍ ഡാന്‍സ്, ട്രാക്ക് ഗാനമേള എന്നീ പരിപാടികളും അരങ്ങേറി. മൃതസഞ്ജീവനി ട്രസ്റ്റ് ക്ഷേത്രാങ്കണത്തില്‍ നടത്തിയ പോസ്റ്റോഫീസ് ഇന്‍ഷുറന്‍സ് മെഗാ ക്യാമ്പില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.