നെടുമ്പാശ്ശേരി :കേരളത്തിൽ മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തുന്നതിന് സഹായവുമായി അതിഥി വെൽഫെയർ ഫോറം പ്രവർത്തകർ.കഴിഞ്ഞദിവസം കൂത്താട്ടുകുളം,പായിപ്ര,കാലടി എന്നിവിടങ്ങളിലായി മരണപ്പെട്ട ആസാം,ഒറീസ,പശ്ചിമബംഗാൾ സ്വദേശികളുടെ മൃതദേഹങ്ങളാണ് അതിഥി വെൽഫെയർ ഫോറം പ്രവർത്തകരുടെ നേതൃത്വത്തിൽ അവരവരുടെ നാട്ടിലെത്തിച്ചത്.ബീഹാർ സ്വദേശിയുടെ മൃതദേഹം സ്വകാര്യ ഏജൻസിയും നാട്ടിലെത്തിച്ചതോടെ ഒരു ദിവസം നാല് മൃതദേഹങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കൊണ്ടുപോയത്.
മുൻപ് ലേബർ ഡിപ്പാർട്ട്മെൻ്റായിരുന്നു മരണപ്പെടുന്ന അഥിതി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള പണം നൽകിയിരുന്നത്.പിന്നീട് ലേബർ ഡിപ്പാർട്ട്മെൻ്റിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മൃതദേഹങ്ങൾ മാത്രം കൊണ്ട് പോകുന്നതിന് പണം ഇവർ നൽകിയിരുന്നു.ഒരു വർഷത്തോളമായി മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക സഹായങ്ങൾ ഒന്നും തന്നെ ലേബർ ഡിപ്പാർട്ട്മെൻറ് നൽകുന്നില്ല. ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ല എന്നതാണ് പ്രശ്നമായി ലേബർ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്.ഇപ്പോൾ മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് തൊഴിലുടമയോ,മരണപ്പെട്ട തൊഴിലാളിയുടെ ബന്ധുക്കളോ പണം മുടക്കിയാണ്.തൊഴിലാളികൾ പരസ്പരം പിരിവെടുത്ത് മൃതദേഹം കൊണ്ടുപോകുന്ന സംഭവങ്ങളും ഉണ്ട്.നാട്ടിലേക്ക് കൊണ്ടു പോകാൻ കഴിയാത്ത മൃതദേഹങ്ങൾ കേരളത്തിൽ തന്നെ സംസ്കരിക്കുന്നുമുണ്ട്.
ആംബുലൻസിൽ മൃതദേഹങ്ങൾ അവരുടെ നാടുകളിലേക്ക് എത്തിക്കുമ്പോൾ രണ്ടു മുതൽ നാലു ദിവസം വരെ വേണ്ടി വരുന്നതിനൊപ്പം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ചിലവും വരും.വിമാന മാർഗം കൊണ്ട് പോകുമ്പോൾ മൃതദേഹം വേഗത്തിൽ നാട്ടിൽ എത്തിക്കാൻ കഴിയുന്നതിനൊപ്പം ആംബുലൻസിൽ കൊണ്ടുപോകുന്നതിനേക്കാൾ ചിലവുകളും കുറവുള്ളതുകൊണ്ടാണ് വിമാനമാർഗ്ഗം മൃതദേഹങ്ങൾ കൊണ്ടുപോകുന്നത്.മുൻപ് നാൽപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സ്വകാര്യ ഏജൻസികൾ വാങ്ങിയാണ് തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാന മാർഗം കൊണ്ടുപോയിരുന്നത്.പെരുമ്പാവൂർ ആസ്ഥാനമായി അതിഥി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന അതിഥി വെൽഫെയർ ഫോറം, സി എം ഐ ഡി, ജീവിക മൈഗ്രേൻ്റ് വർക്കേഴ്സ് മൂവ്മെൻറ് എന്നീ സന്നദ്ധ സംഘടനകൾ സജീവമായതോടെയാണ് അതിഥി തൊഴിലാളികൾക്കിടയിലെ ഇത്തരം ചൂഷണങ്ങൾക്ക് അറുതി വന്നത്.
23000 രൂപയ്ക്കും 30000 രൂപക്കും ഇടയിലാണ് ഒരു മൃതദേഹം എമ്പാം ചെയ്ത് പാക്ക് ചെയ്തു കൊച്ചി വിമാനത്താവളം വഴി തൊഴിലാളിയുടെ നാട്ടിൽ എത്തിക്കുന്നതിന് ചിലവരുന്നത്. ചിലവാകുന്ന തുക മാത്രം വാങ്ങിയാണ് തങ്ങൾ തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതെന്ന് അതിഥി വെൽഫെയർ ഫോറം വർക്കിംഗ് ചെയർമാൻ ബാവ ഹുസൈൻ,ജനറൽ സെക്രട്ടറി ഷിഹാബ് പറേലി,ട്രഷറർ ജസ്റ്റിൻ ഓ എസ് എന്നിവർ പറഞ്ഞു.9400911233 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും,മരണ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിന് വേണ്ടിയുള്ള സഹായങ്ങൾ തങ്ങളുടെ പെരുമ്പാവൂരിലെ ഓഫീസ് മുഖേന നൽകുമെന്നും ഇവർ പറഞ്ഞു.