കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റ് നൽകിവരുന്ന തിരുവൈരാണിക്കുളത്തപ്പൻ പുരസ്‌കാരത്തിന് ഈ വർഷം പ്രശസ് കുത്ത് – കൂടിയാട്ടം കലാകാരൻ കലാമണ്ഡലം സംഗീത് ചാക്യാരെ തിരഞ്ഞെടുത്തു. 30000 രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. കഥകളി നിരൂപകനും, കേരള കലാമണ്ഡലം മുൻ ഡപ്യുട്ടി രജിസ്ട്രാറുമായ ഡോ. വി. കലാധരൻ, കലാതത്വവേദിയും സഹൃദയനുമായ തൃപ്പൂണിത്തുറ രമേശൻ തമ്പുരാൻ, ഭാഷാ അദ്ധ്യാപകനും ക്ഷേത്രകലാപണ്ഡിതനുമായ നടുവം ഹരി നമ്പൂതിരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ ഒക്ടോബർ 6ന് വൈകിട്ട് 5 ന് തിരുവൈരാണിക്കുളം തിരുവാതിര ആഡിറ്റോറിയത്തിൽനടക്കുന്ന ചടങ്ങിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ഗീതാ കുമാരി പുരസ്‌കാരം സമ്മാനിക്കും. പുരസ്‌കാര സമർപ്പണ ചടങ്ങിനുശേഷം സംഗീത് ചാക്യാരുടെ ചാക്യാർകൂത്തും ഉണ്ടായിരിക്കും.