ദില്ലി: ശക്തമായ വാദ പ്രതിവാദങ്ങള്‍ക്കിടെ വഖഫ് ബോർഡ് നിയമ ഭേദഗതി ബില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ലോക് സഭയില്‍ അവതരിപ്പിച്ചു. സൂക്ഷ്മപരിശോധന വേണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം നിരാകരിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ബിൽ സംയുക്ത പാർലമെൻറ്റി സമിതിക്ക് വിട്ടു. ബില്ലിനെതിരെ വലിയ പ്രചാരണം നടക്കുന്നുവെന്നാണ് ബില്‍ അവതരണത്തിന് മുമ്പായി കിരണ്‍ റിജിജു മറുപടി പറഞ്ഞത്. ബില്‍ ഇതിനോടകം തന്നെ വിതരണം ചെയ്തതാണെന്നും പൊതുമധ്യത്തിൽ ബില്ലുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനയോ, മതസ്വാതന്ത്രത്യത്തയോ ബില്ല് ചോദ്യം ചെയ്യുന്നില്ല. 2013 ബില്ലിൽ അനാവശ്യ ഭേദഗതികൾ കൊണ്ടുവന്നു. ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ തന്നെയാണ് ബിൽ.
എല്ലാവർക്കും കേൾക്കാനുള്ളത് കേൾക്കുമെന്നും എല്ലാവരെയും വിശ്വാസത്തിലെടത്താണ് ബിൽ കൊണ്ടുവരുന്നതെന്നും കിരണ്‍ റിജുജു പറഞ്ഞു.നീതി ലഭിക്കാത്ത മുസ്ലീം സഹോദരങ്ങൾക്ക് ഈ ബിൽ നീതി നൽകും.പാവപ്പെട്ട മുസ്ലീംങ്ങൾക്ക് സംരക്ഷണമൊരുക്കും.ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാനല്ല ബില്‍.വഖഫ് ബോർഡുകളിൽ കൃത്യമായി ഓഡിറ്റ് നടക്കാറില്ലെന്ന മുൻകാല റിപ്പോർട്ടുകളുണ്ട്. യുപിഎ സർക്കാരിൻ്റെ കാലത്ത് പല പരാതികളും ഉയർന്നിരുന്നു.
വഖഫിൻ്റെ ആസ്തികളും, വരുമാനവും തമ്മിൽ പൊരുത്തക്കേടുകളുണ്ടായിരുന്നു.കൈവശഭൂമിയുടെ വിസ്തൃതിയും,വിലയും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ട്.വഖഫ് കൗൺസിലിനെയും ബോർഡുകളെയും ശാക്തീകരിക്കാനാണ് ബിൽ.സച്ചാർ കമ്മിറ്റിയിൽ ശുപാർശയുണ്ടായിരുന്നു. സച്ചാർ കമ്മിറ്റി ശുപാർശകൾ അനുസരിച്ചാണ് ഭേദഗതികൾ വരുത്തിയത്. യു പി എ സർക്കാരിന് ചെയ്യാൻ കഴിയാത്ത കാര്യമാണിത്. നീതി നിഷേധം ഉണ്ടാകാതിരിക്കാനാണ് ട്രിബ്യൂണൽ കൊണ്ടുവരുന്നത്.
വഖഫ് വസ്തുവകകൾ റീസർവേ ചെയ്യണമെന്ന ജെ പി സി റിപ്പോർട്ടുണ്ട്.കഴിഞ്ഞ പത്ത് വർഷമായി സർക്കാർ ബില്ലിൻ്റെ പണിപ്പുരയിലായിരുന്നു നിരവധി ചർച്ചകൾ നടന്നു. നിരവധി പരാതികൾ കേട്ടു. വഖഫ് ഭൂമിയിലെ കൈയേറ്റങ്ങൾ സംബന്ധിച്ച പരാതികൾ പോലും കിട്ടി. രാജ്യം വിട്ട് പാകിസ്ഥാനിലേക്ക് പോലും വഖഫിലേക്ക് സ്വത്തുക്കൾ നൽകിയിട്ടുണ്ട്.മാഫിയ ഭരണം ഇനി അനുവദിക്കാനാവില്ല.പല മാഫിയകളും വഖഫ് സ്വത്തുക്കൾ കൈയടക്കി.കോൺഗ്രസ് സർക്കാർ വരുത്തിയ പിഴവുകൾ തിരുത്താനാണ് ശ്രമമെന്നും കിരണ്‍ റിജുജു പറഞ്ഞു.
ബില്ലിനെ കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി, ആം ആദ്മി, സിപിഎം തുടങ്ങിയ എല്ലാ പ്രതിപക്ഷ പാർട്ടി അംഗങ്ങളും തുറന്നെതിർത്തു. ചർച്ചക്കിടെ അഖിലേഷ് യാദവും അമിത് ഷായും തമ്മിൽ രൂക്ഷമായ തർക്കവും സഭയിൽ നടന്നു. ബിൽ വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്ന് എൻഡിഎ സഖ്യകക്ഷിയായ എൽജെപി ആവശ്യപ്പെട്ടു.