ആലുവ: ജീവൻ പണയം വച്ച് വൻ ദുരന്തമൊഴിവാക്കിയ സുനിൽ കാർത്തിക്കിന് റൂറൽ ജില്ലാ പോലീസിൻ്റെ ആദരം. ദേശീയ പാതയിൽ ദേശം കുന്നുംപുറത്ത് കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസിന് തീപിടിച്ചപ്പോൾ ഫയർ എസ്റ്റിംഗൂഷറുമായി ബസിനടിയിലേക്ക് നൂണ്ടിറങ്ങി സാഹസികമായാണ് ഇദ്ദേഹം തീയണച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. തീ പിടിച്ചപ്പോൾത്തന്നെ ഡ്രൈവർ അവസരോചിതമായി വാഹനം സൈഡിലേക്കൊതുക്കി യാത്രക്കാരെ പുറത്തിറക്കി.
ഈ സമയം കൊരട്ടി ഇൻഫോ പാർക്കിൽ കാറിൽ ജോലിക്ക് പോവുകയായിരുന്നു കരുനാഗപ്പള്ളി സ്വദേശി സുനിൽ കാർത്തിക്കും സുഹൃത്തുക്കളും. തീ പിടിക്കുന്നതു കണ്ട് സുനിൽ കാർത്തിക്ക് കാറിൽ നിന്ന് എസ്റ്റിംഗൂഷറുമായി ചാടിയിറങ്ങി ബസിൻ്റെ അടിയിലേക്ക് കയറി. നാട്ടുകാരും സുഹൃത്തുകളും അതിൽ വരുന്ന വാഹനങ്ങൾക്ക് കൈകാണിച്ച് നിർത്തി ഫയർ എസ്റ്റിംഗൂഷറുകൾ സുനിൽ കാർത്തിക്കിൻ്റെ അരികിലേക്കെത്തിച്ചു. മിനിറ്റുകൾ നീണ്ട സാഹസിക പ്രവർത്തനത്തിനൊടുവിൽ തീ പൂർണ്ണമായണച്ച് വൻ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞു.
സുനിൽ ‘കാർത്തിക്കിൻ്റെ ഈ പ്രവർത്തനം അറിഞ്ഞ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി അനുമോദന പത്രം നൽകുകയായിരുന്നു. ” ശരിക്കുമൊരു ഹീറോയാണ് സുനിൽ കാർത്തിക്ക് , ഇദ്ദേഹത്തിൻ്റെ പ്രവർത്തനം കൊണ്ട് വലിയൊരു ദുരന്തമൊഴിവായി എന്ന് എസ്.പി പറഞ്ഞു. റൂറൽ ജില്ലാ സ്പെഷൽ ബ്രാഞ്ചും ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.