കാലടി: ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച നെവിന്റെ സ്വപ്നമായിരുന്ന ഐഎഎസ്. ജെഎൻയുവിൽ നിന്നിം പിജി എടുത്തശേഷം പിഎച്ച്ഡി ചെയ്യുകയായിരുന്നു നെവിൽ. പിഎച്ച്ഡിക്കൊപ്പമാണ് ഐഎഎസ് കോച്ചിങ്ങിന് പോയിരുന്നത്. തിരുവനന്തപുരം സ്വദേശികളായ റിട്ട. ഡി.വൈ.എസ്.പി ഡാൽവിൻ സുരേഷിന്റെയും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ജ്യോഗ്രഫി വിഭാഗം പ്രൊഫസറായ ഡോ. ടി. എസ്. ലാൻസലെറ്റിന്റെയും മകനാണ് നെവിൻ. ജോലിയാവശ്യത്തിനായി വർഷങ്ങളായി മലയാറ്റൂരിനടുത്ത് നീലീശ്വരം മുണ്ടങ്ങാമറ്റത്താണ് ഇവർ താമസിക്കുന്നത്.
നെവിന്റെ വിയോഗം മാതാപിതാക്കൾ അറിഞ്ഞത് ഞായറാഴ്ച രാവിലെ പള്ളിയിൽ പ്രാർഥനയ്ക്ക് എത്തിയപ്പോൾ. മകന്റെ മരണവിവരം അറിഞ്ഞ ഇരുവർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണവിരമറിഞ്ഞ് റോജി എം ജോൺ എംഎൽഎയും പഞ്ചായത്തംഗങ്ങളും നാട്ടുകാരും നെൽവിന്റെ വീട്ടിലെത്തി. നെവിന്റെ അമ്മയുടെ സഹോദരൻ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
വെസ്റ്റ് ഡൽഹി കരോൾബാഗിനു സമീപം രാജേന്ദ്ര നഗറിലെ ബഡാ ബസാർ 11 ബിയിലെ റാവൂസ് ഐഎഎസ് സ്റ്റഡി സെന്ററിൽ ശനിയാഴ്ച രാത്രിയോടെയുണ്ടായ വെള്ളപ്പൊക്കത്തിൽ മലയാളി വിദ്യാർഥി അടക്കം മൂന്നു പേരാണ് മരിച്ചത്. നെവിനു പുറമേ തെലങ്കാന, യുപി സ്വദേശികളായ ടാനിയ സോണി(25), ശ്രേയ യാദവ്(25) എന്നിവരാണ് മരിച്ചത്.