ഷിരൂർ: തെരച്ചിൽ ദുഷ്ക്കരമെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ. ഡ്രോൺ പരിശോധനയിൽ 4 ലോഹ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റോഡിന്‍റെ സുരക്ഷാ ബാരിയർ, ടവർ, ലോറിയുടെ ഭാഗങ്ങൾ, കാബിൻ എന്നിവയാണ് കണ്ടെത്തിയത്. ആദ്യം വീണത് ടവർ ആവാമെന്നും പെട്ടെന്ന് അർജുന്‍റെ ലോറി മുങ്ങാൻ സാധ്യതയില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്പി, കാർവാർ എംഎൽഎ, റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ എന്നിവർ സംയുക്തമായാണ് വാർത്താ സമ്മേളനം നടത്തിയത്.
തടികൾ ഒഴുകിപോയപ്പോഴാവാം ലോറി മുങ്ങിയത്. കാബിനിൽ അർജുനുണ്ടെന്ന കാര്യം ഉറപ്പില്ല. അർജുൻ പുറത്തിറങ്ങിയോ എന്ന കാര്യം വ്യക്തമല്ല. വാഹനകമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ കാബിൻ ലോറിയിൽ നിന്നും വിട്ടു പോവാൻ യാതൊരു സാധ്യതയുമില്ലെന്നാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ശക്തമായ അടിയൊഴുക്കാണ് അനുഭവപ്പെടുന്നത്. രാത്രിയിലും തെരച്ചിൽ തുടരും. തണുപ്പ് കൂടുമ്പോൾ സിഗ്നലുകൾ കുറച്ചുകൂടി വ്യക്തമാവുമെന്നാണ് വിചാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.