തിരുവനന്തപുരം: ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ് വല്യത്താൻ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപകനും സ്ഥാപക ഡയറക്ടറുമായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയുമായിരുന്നു. മണിപ്പാലിൽ വെച്ചാണ് അന്ത്യം. രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നൽകി ആദരിച്ച ഹൃദയശസ്ത്രക്രിയാ വിദഗ്ദനാണ് വിട പറഞ്ഞത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലൂടെയാണ് അദ്ദേഹം മലയാളികൾക്കിടയിൽ സുപരിചിതനായത്. ഹൃദയ ശസ്ത്രക്രിയാ മേഖലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണങ്ങളിലെ വിജയം ഇന്ത്യയിൽ തന്നെ ഹൃദയ ശസ്ത്രക്രിയാ മേഖലയിൽ വലിയ മാറ്റവും പുരോഗതിയും സൃഷ്ടിച്ചു.
പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ ഫാക്കൽറ്റി അംഗമായി കുറച്ചുകാലം ജോലി ചെയ്തശേഷം ചണ്ഡിഗഡിലെ ജോൺസ് ഹോപ്കിൻസ്, ജോർജ്ജ് വാഷിംഗ്ടൺ, യുഎസ്എയിലെ ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിൽ ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് കൂടുതൽ പരിശീലനം നേടി. ശ്രീചിത്രയിൽ ഏകദേശം ഇരുപത് വർഷം സേവനം ചെയ്തശേഷമാണ് ഡോ. വല്യത്താൻ മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായത്.
ഇന്ത്യയിലെ ആരോഗ്യ സാങ്കേതികവിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് ആദ്യം 1990 ൽ പത്മശ്രീയും 2005 ൽ പത്മവിഭൂഷനും നൽകി രാജ്യം ആദരിച്ചു. 1999 ൽ ഫ്രഞ്ച് സർക്കാർ അദ്ദേഹത്തിന് ഷെവലിയർ പട്ടം നൽകി. അന്താരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സംഭാവനകൾക്ക് 2009 ൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് ഡോ. സാമുവൽ പി. ആസ്പർ ഇന്റർനാഷണൽ അവാർഡ് അടക്കം ലഭിച്ചു.