പ്രശാന്ത് പാറപ്പുറം
കാലടി:കേരളം എക്കാലവും ഓർക്കുന്ന വെളളപൊക്കമാണ് ’99 ലെ വെളളപൊക്കം’.1924 ജൂലൈ 14 നാണ് ആ മഹാപ്രളയം ഉണ്ടായത്.കൊല്ലവർഷം 1099 ൽ.അതുകൊണ്ടാണ് ആപ്രളയം ’99 ലെ വെളളപൊക്കം’ എന്നറിയപ്പെട്ടത്.വൻ നാശ നഷ്ടമാണ് അന്നുണ്ടായത്.ആയിരക്കണക്കിന് മനുഷ്യ ജീവനുകൾ പൊലിഞ്ഞു.ഒട്ടനവധി പേർക്ക് വീടും, സ്വത്തുവകകളും,കൃഷിടങ്ങളും,വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടു.വന്മരങ്ങളും, കുടിലുകളും, ചത്ത മൃഗങ്ങളും മലവെള്ളത്തിൽ ഒഴുകിവന്നു.
മൂന്നാഴ്ചയോളം തുടർച്ചയായി പെയ്ത അതിശക്തമായ മഴയായിരുന്നു വെളളപൊക്കത്തിനു കാരണം.തിരുവിതാംകൂറിനെയും മലബാറിൻറെ ഏതാനും ഭാഗങ്ങളെയും ബാധിച്ച പ്രളയം ഏറ്റവുമധികം കടന്നാക്രമിച്ചത് ഇന്നത്തെ മധ്യകേരളത്തെയായിരുന്നു. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ഭൂരിഭാഗവും ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിക്കിടന്നു. ചരിത്രരേഖകൾ പറയുന്നത്, ആലപ്പുഴ ജില്ല പൂർണ്ണമായും, എറണാകുളം ജില്ലയുടെ നാലിൽ മൂന്ന് ഭാഗവും വെള്ളത്തിനടിയിലായി കോഴിക്കോട് പട്ടണത്തിൻറെ പല ഭാഗങ്ങളും മുങ്ങിയിരുന്നു എന്നാണ്.
കാഞ്ഞൂർ പുതിയേടം പാർത്ഥ സാരഥി ക്ഷേത്രത്തിലും, കാലടി തലയാറ്റുംപ്പിള്ളി മനയിലും വെളളം കയറിയതിന്റെ ചരിത്ര രേഖ ഇന്നും സൂക്ഷിക്കുന്നുണ്ട്. “1099 കർക്കടകം 1 മുതൽ 3 വരെ ഈ ഭിത്തിയിന്മേൽ 2 കോൽ വെള്ളം പൊങ്ങിയിരിക്കുന്നു” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാലുകെട്ടായിരുന്നു മന. പിന്നീട് മന പൊളിച്ചു. മന നിന്നിടത്ത് പുതിയ വീട് പണിതു. എന്നാൽ വെള്ളം കയറിയ അത്രയും അടയാളപ്പെടുത്തി രേഖ മാറ്റി സ്ഥാപിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ മനയിലുണ്ടായിരുന്നവരെ മറ്റൂരിലെ കുന്നിൻപുറത്തേക്ക് മാറ്റുകയായിരുന്നു.
പുതിയേടം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ ഭിത്തിയിലാണ് ക്ഷേത്രത്തിൽ വെളളം കയറിയത് രേഖപ്പെടുത്തി വച്ചിരിക്കുന്നത്.പഴയ ലിപിയിൽ ഒറ്റകല്ലിലാണ് എഴുതിവച്ചിരിക്കുന്നത്.1099 ലെ വെളളപൊക്കം തഴെയുളള വര വരെ വന്നു എന്നാണ് കല്ലിൽ കൊത്തിവച്ചിരിക്കുന്നത്.പി ടി കെ കൃഷ്ണനുണ്ണി എന്ന പേരും കൊത്തിവച്ചിട്ടുണ്ട്.ക്ഷേത്രത്തിൽ രണ്ട് അടിയോളമാണ് വെളളം കയറിയിരുന്നതെന്നാണ് പഴമക്കാർ പറയുന്നത്.കേടു പാടുകളൊന്നും സംഭവിച്ചിരുന്നില്ല.ആ അമുല്ല്യ ചരിത്ര രേഖയെ നിധിപോലെയാണ് ക്ഷേത്രം സംരക്ഷിക്കുന്നത്.
കേട്ടറിഞ്ഞ് പല ചരിത്ര കാരൻമാരും ഇത് കാണാനും,പഠനത്തിനും എത്താറുണ്ട്.കൊച്ചിരാജകുടുംബത്തിൻറെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് പുതിയേടം ക്ഷേത്രം.പാർത്ഥസാരഥിയാണ് ഇവിടുത്തെ പ്രധാന മൂർത്തി. ഗണപതി, അയ്യപ്പൻ, പൂർണ്ണത്രയീശൻ, നാഗയക്ഷി, ഘണ്ഠാകർണ്ണൻ എന്നിവയാണ് ഉപദേവതമാർ. ഭഗവതിയും ഇവിടെ തുല്യപ്രാധാന്യമുളള മൂർത്തിയാണ്.ക്ഷേത്രത്തിൻറെ തെക്കുഭാഗത്തുള്ള തെക്കേകോവിലകത്താണ് 926 കർക്കിടകം 10ന് ശക്തൻ തമ്പുരാൻ ജനിച്ചത്.അതുകൊണ്ട് തന്നെ ചരിത്ര പ്രാധാന്യമുളള ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് പുതിയേടം ക്ഷേത്രം