കൊച്ചി : കോവിഡ് കാലത്തെ റീഫണ്ട് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് ലംഘിക്കുകയും ഉപഭോക്തൃ അവകാശങ്ങൾ അവഗണിക്കുകയും ചെയ്ത ഹോട്ടലുടമ സേവനത്തിലെ ന്യൂനതയും അന്യായമായ വ്യാപാര രീതിയും അവലംബിച്ചതിനാൽഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ഡി. ബി.ബിനു പ്രസിഡണ്ടും വി.രാമചന്ദ്രൻ , ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവ് നൽകി.
കാലടി സ്വദേശി സന്ദീപ് രവീന്ദ്രനാഥ്, ആൻഡമാൻ ദീപിൽ പ്രവർത്തിക്കുന്ന സിഷെൽ ഹോട്ടൽ റിസോർട്ട് & സ്പാ എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. അവധിക്കാല വിനോദയാത്രയ്ക്ക് വേണ്ടിയാണ് പരാതിക്കാരനും കുടുംബവും മേയ്ക് മൈ ട്രിപ്പ് മുഖേന എതിർകക്ഷിയുടെ രണ്ട് ഹോട്ടലുകളിൽ റൂം ബുക്ക് ചെയ്തത്. 27,810 രൂപ അതിനായി നൽകുകയും ചെയ്തു. കോവിഡ് വ്യാപന കാലത്ത് ടൂറിസ്റ്റ് സ്പോട്ടുകൾ അടച്ചിട്ടുകൊണ്ട് ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ നിരോധന ഉത്തരവ് വന്നതോടെ വിനോദയാത്ര അസാധ്യമായി. ഇതിനെ തുടർന്നാണ് പരാതിക്കാരൻ റീഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് എതിർകക്ഷി സമീപിച്ചത്.
എന്നാൽ മറ്റൊരു ദിവസം റൂം നൽകാമെന്ന് വാഗ്ദാനം ചെയ്തതല്ലാതെ തുക തിരിച്ച് നൽകാൻ നിർവാഹമില്ല എന്ന നിലപാടാണ് എതിർ കക്ഷി സ്വീകരിച്ചത്.
വിനോദ യാത്രയുമായി ബന്ധപ്പെട്ട വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള തുക പരാതിക്കാരന് തിരിച്ചു കിട്ടിയെങ്കിലും എതിർകക്ഷിയുടെ സ്ഥാപനം മാത്രം കോവിഡ് സംബന്ധിച്ച് സുപ്രീം കോടതിയുടെ പൊതു നിർദേശം നടപ്പിലാക്കാൻ കൂട്ടാക്കിയില്ല. ഈ സാഹചര്യത്തിലാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
ഹോട്ടലിൽ റൂം ബുക്ക് ചെയ്ത തുകയായ 27,810 രൂപ എതിർ കക്ഷി പരാതിക്കാരന് തിരിച്ചു നൽകണം. കൂടാതെ നഷ്ടപരിഹാരം കോടതി ചെലവ് എന്നീ ഇനങ്ങളിൽ 35,000/- രൂപയും ഉപഭോക്താവിന് നൽകണമെന്ന് കോടതി എതിർകക്ഷിക്ക് ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ. രാജ രാജ വർമ്മ ഹാജരായി.