കാലടി: കാലടി ടൗണിലെ മലയാറ്റൂർ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര അനുമതിക്കായി സ്വീകരിക്കാൻ ജില്ലാ കളക്ടറെ സമീപിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി. കാനയുടെ അശാസ്ത്രീയമായ നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് കമ്മിറ്റി വിലയിരുത്തി. വെള്ളം ഒഴുകി പോകുന്ന വിധത്തിൽ കാന വൃത്തിയാക്കുന്നതിന് കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മാൻ ഹാളുകൾ തമ്മിൽ മീറ്ററുകൾ അകലമുള്ളതിനാൽ ഇറങ്ങി വൃത്തിയാക്കാൻ കഴിയുന്നില്ല. കാന വ്യത്തിയാക്കണമെങ്കിൽ സ്ലാബ് മാറ്റണം. അങ്ങനെ ചെയ്യുമ്പോൾ കൈവരിയും നടപ്പാതയും നഷ്ടപ്പെടും.
ബി പി സി എൽ ൻ്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നിർമ്മിച്ച കാന അടിയന്തിര സാഹചര്യമുണ്ടായാൽ സ്ലാബ് പൊളിച്ച് വൃത്തിയാക്കുന്നതിന് അനുമതിക്കായാണ് ജില്ലാ കളക്ടറെ സമീപിക്കുന്നത്. ഇതോടൊപ്പം മുൻകാലങ്ങളിൽ വെള്ളം ഒഴുകി പോയിരുന്ന സംസ്കൃത സർവ്വകലാശാലക്കകത്തെ കാന തുറക്കുന്നതിനും അനുമതി ആവശ്യപ്പെടും.
വാർഡുകളിലെ കാനകളുടെ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. ചെമ്പിച്ചേരി റോഡിൽ ഹിറ്റാച്ചി ഉപയോഗിച്ച് വൃത്തിയാക്കുന്ന ജോലി ചെയ്ത് വരുന്നു. ഉടുമ്പുഴ കൈത തോട് തോട് ശുചീകരണം പൂർത്തിയാക്കി. വാർഡുകളിലെ കാനകൾ വൃത്തിയാക്കുന്നതിനും മറ്റു പ്രവർത്തികൾക്കുമായി 20000 രൂപ വീതം പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും വാർഡ്തല സാനിറ്റേഷൻ കമ്മിറ്റി അക്കൗണ്ടിലേക്ക് കൈമാറാനും കമ്മിറ്റി തീരുമാനിച്ചു.
നിർമ്മാണത്തിലിക്കുന്ന കാനയിലെ മാലിന്യങ്ങൾ നീക്കാൻ മലയാറ്റൂർ റേഡിൽ കാനനിർമ്മിക്കുന്ന പിഡബ്ല്യുഡി അധികൃതരോടാവശ്യപ്പെടും. റോഡുകളുടെ റീടാറിംഗും മറ്റും പൂർത്തിയാക്കാനാവാത്തതിനാലും പഞ്ചായത്ത് വളരെ ബുദ്ധിമുട്ടിലാണ്. പണം ലഭിക്കില്ലെന്ന അവസ്ഥ വന്നതോടെ കരാറുകാർ പ്രവർത്തികൾ ചെയ്യാൻ മടിച്ചു. ഇതു മൂലം നിരവധി റോഡുകളിലും കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടിലാണ്. പഞ്ചായത്തിന് ലഭിക്കേണ്ട ഫണ്ടുകൾ കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിൽ മനപൂർവ്വം ഇത് മറച്ചു വച്ച് എല്ലാറ്റിനും പഞ്ചായത്തിനെ പഴിചാരി മുന്നോട്ടു പോകുന്നവരുടെ തനിനിറം തിരിച്ചറിയണമെന്ന് പ്രസിഡൻ്റ് പറഞ്ഞു.