പെരുമ്പാവൂർ: അനാശാസ്യം, പെരുമ്പാവൂരിൽ ഹോട്ടൽ മാനേജരും ഇതരസംസ്ഥാനത്തൊഴിലാളിയുമടക്കം മൂന്നു പേർ അറസ്റ്റിൽ. ഒഡീഷ രാധോ സ്വദേശി രഞ്ജിത്ത് റൗട്ട് (22), മൂർഷിദാബാദ് സ്വദേശി റജിബുൽ മുല്ല (32) ഹോട്ടൽ മാനേജർ കൂവപ്പടി ഐമുറി പറമ്പി ജയിംസ് (51) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാന്റിന് സമീപമുള്ള ലോഡ്ജിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇതരസംസ്ഥാനത്തൊഴിലാളിയാണ് ഇരയായ യുവതി.
അനാശാസ്യം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ലോഡ്ജ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. 16 ന് വൈകീട്ട് നാലരയോടെയായിരുന്നു പരിശോധന. ഹോട്ടൽ മാനേജരുടെ അറിവോടെയായിരുന്നു അനാശാസ്യ പ്രവർത്തനം നടന്നിരുന്നത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശത്താൽ കഴിഞ്ഞ ഒരു മാസമായി പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക പരിശോധനയാണ് നടന്ന് വരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ, കഞ്ചാവ്, ഹെറോയിൻ ഉൾപ്പെടെയുള്ള മയക്കുമരുന്ന് എന്നിവ പിടികൂടി. മയക്കുമരന്ന്, പരസ്യ മദ്യപാനം, അനാശാസ്യം തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ് , സബ് ഇൻസ്പെക്ടർ ഒ എ രാധാകൃഷ്ണൻ, അസി.സബ് ഇൻസ്പെക്ടർമാരായ പി.എ അബ്ദുൽ മനാഫ്, ബാലാമണി, സീനിയർ സി പി ഒ മാരായ ടി എൻ മനോജ് കുമാർ ,ടി.എ അഫ്സൽ സി.പി. ഒമാരായ ബിനീഷ് ചന്ദ്രൻ, ബെന്നി ഐസക്, ഷഹന തുടങ്ങിയവരായിരുന്നു റെയ്ഡിൽ പങ്കെടുത്തവർ. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.