കാഞ്ഞൂർ: കാഞ്ഞൂർ നേഗിൾ വിദ്യാഭവൻ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കോട്ടയം മണിമല വെള്ളാവൂർ നിരവേൽ വീട്ടിൽ കൃഷ്ണൻ കുട്ടി (72) യെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. മാർച്ച് ഒമ്പതാനാണ് ലെ കാഞ്ഞൂർ നേഗിൾ വിദ്യാഭവൻ സ്കൂളിൽ മോഷണം നടത്തിയത്. സ്കൂളിന്റെ ഓഫീസ് റൂം കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷണം നടത്തിയത്. തുടർന്ന് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തതിൽ ഈ ജനുവരിയിൽ പാലാ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലും, മാർച്ചിൽ പോത്താനിക്കാട് സെന്റ് മേരിസ് സ്കൂളിൽ രണ്ടു പ്രാവശ്യവും മോഷണം നടത്തിയതായി പോലീസിനോട് സമ്മതിച്ചു. ഒരു വർഷം ശിക്ഷ കഴിഞ്ഞ് നാലുമാസം മുമ്പാണ് പ്രതി പാലാ സബ്ജയിലിൽനിന്ന് പുറത്തിറങ്ങിയത്. കേരളത്തിൻറെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചോളം മോഷണ കേസിലെ പ്രതിയാണ് കൃഷ്ണൻ കുട്ടി.
പെരുമ്പാവൂർ എ.എസ്.പി മോഹിത് രാവത്തിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ. ഷിജി, എസ്.ഐ വി.എം അലി, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒമാരായ ടി.എൻ മനോജ് കുമാർ ,ടി.എ അഫ്സൽ, സി.പി.ഒ മാരായ കെ.എ അഭിലാഷ് , ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.