കാലടി: മലയാറ്റൂർ കുരിശുമുടി പാതയിൽ ദിവസവും രാവിലെ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി ചാക്കിലാക്കി അതു താഴേക്കു തോളിലേറ്റി കൊണ്ടു വരുന്നയാളെ കാണാം. മലയാറ്റൂർ-നീലീശ്വരം പഞ്ചായ ത്ത് അംഗം സേവ്യർ വടക്കുംചേരിയാണിത്. എന്തെങ്കിലും ചുമതല ഏറ്റെടു ത്തതിന്റെ ഭാഗമായല്ല അദ്ദേഹം അതു ചെയ്യുന്നത്. ദിവസവും രാവിലെ മല കയറാനെത്തും. കയ്യിൽ ഒരു ചാക്കുണ്ടാകും. തിരികെ ഇറങ്ങുമ്പോൾ വഴിയരികിൽ കാണുന്ന ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി ചാക്കിലിടും. അതു നിറയുമ്പോൾ പുറത്ത് തൂക്കി മലയിറങ്ങും.
മലയാറ്റൂർ കുരിശുമുടി പാതയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി ചാക്കിലാക്കി മലയടിവാരത്ത് കാത്തിരിക്കുന്ന മുത്തശ്ശിക്ക് അതു നൽകും. മുത്തശ്ശി അത് ആക്രിക്കടയിൽ കൊണ്ടു പോയി വിൽക്കും. മുത്തശ്ശിക്ക് അന്നത്തെ ചെലവിനുള്ള വരുമാന മാർഗമാണിത്. അടുത്ത ദിവസം സേവ്യർ വരുമ്പോൾ മുത്തശ്ശി ഈ ചാക്ക് വീണ്ടും കൊടുത്തു വിടും. 50 നോമ്പ് ആരംഭം മുതൽ സേവ്യർ ഈ പ്രക്രിയ തുടരുന്നു, ഒരു പ്രതിഫലേഛയുമില്ലാതെ. ‘എനിക്ക് ഒരു വ്യായാമമായി. അതോടൊപ്പം പരിസര ശുചീകരണവുമായി. മുത്തശ്ശിക്ക് വരുമാന മാർഗവുമായി’ സേവ്യർ പറഞ്ഞു.
മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ മലയാറ്റൂർ താഴത്തെ പള്ളി സ്ഥിതി ചെയ്യുന്ന 9-ാം വാർഡ് അംഗമാണ് സേവ്യർ വടക്കുംചേരി. സ്വതന്ത്രനായാണ് മത്സരിച്ചു ജയിച്ചത്.