കാലടി: തിരുവൈരാണിക്കുളം ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി. ഈ മാസം 7 മുതൽ 13 വരെ തിരുവൈരാണിക്കുളം വെൽനസ് പാർക്കിലാണ് ഫെസ്റ്റ് നടക്കുന്നത്. വ്യാപാരമേള, ഭക്ഷ്യമേള, അമ്യൂസ്‌മെന്റ് പാർക്ക്, കലാപരിപാടികൾ, സാംസ്‌കാരിക സദസുകൾ, ലൈവ് കാരിക്കേച്ചർ, മാജിക്‌ഷോ, എന്നിവയാണ് ഫെസ്റ്റിൽ ഉളളത്. ഏഴാം തീയതി വൈകീട്ട് 6 മണിക്ക് ദേശീയ സിനിമ അവാർഡ് ജേതാവ് ഗായിക നഞ്ചിയമ്മ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കോട്ടയം മെഗാ ബീറ്റ്‌സിന്റെ സൂപ്പർഹിറ്റ് ഗാനമേള. തുടർന്നുളള ദിവസങ്ങളിൽ വൈകീട്ട് 6.30 മുതൽ 10 വരെ ഫെസ്റ്റ് നടക്കും.
ആലുവ പെരുമ്പാവൂർ അങ്കമാലി മേഖലകളിലെ കലാകാരൻമാരും, കലാകാരികളും അവതരിപ്പിക്കുന്ന ഒപ്പന, കോൽക്കളി, മാഗംകളി, ചവിട്ട് നാടകം, തിരുവാതിരക്കളി, ക്ലാസിക്കൽ സെമിക്ലാസിക്കൽ ഡാൻസുകൾ, കരോക്കേ ഗാനമേള, സിനിമാറ്റിക് ഡാൻസ്, തുടങ്ങിയ കലാപാരിപാടികൾ വിവിധ ദിവസങ്ങളിൽ ഉണ്ടാകും. 13 ന് വൈകീട്ട് 6.30 ന് സമാപാന സമ്മേളനം തുടർന്ന് ആലപ്പുഴ ഇപ്റ്റയുടെ നാടൻപാട്ട്.
ദിവസേന സമ്മാനകൂപ്പൺ നറുക്കെടുപ്പ് ഉണ്ടാകും. ഫെസ്റ്റിൽ പ്രവേശനം സൗജന്യമാണ്. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമീപ പഞ്ചായത്തുകളായ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം എന്നിവയുടേയും വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടക്കുന്നത്. ഫെസ്റ്റിന്റെ നടത്തിപ്പിനായി 200 അംഗ കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്.