കൊച്ചി: കെൽട്രോണിന് തമിഴ്നാട് സർക്കാരിൽ നിന്നും 1000 കോടി രൂപയുടെ മെഗാ ഓർഡർ. സ്കൂളുകളെ സ്മാർട്ടാക്കാനും ഹൈടെക് ലാബുകള്‍ സ്ഥാപിക്കാനുമുള്ള ഓർഡറാണ് ലഭിച്ചത്. നിരവധി കമ്പനികളോട് മത്സരിച്ച് ടെന്ററിലൂടെയാണ് കെൽട്രോണിന്റെ നേട്ടമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. തമിഴ്നാട് സർക്കാരിൽ നിന്നും ലഭിച്ച മെഗാ ഓർഡറിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ മേഖലയിൽ നിന്നും സമാന ഓർഡറുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട് സർക്കാരിന് കീഴിലുള്ള തമിഴ്നാട് ടെക്സ്റ്റ് ബുക്ക് ആന്‍റ് എഡ്യൂക്കേഷണൽ സർവീസ് കോർപ്പറേഷന്‍റെ മൂന്ന് വിവിധ ടെൻഡറുകൾ ആണ് കെൽട്രോൺ സ്വന്തമാക്കിയത്. മൂന്ന് ടെൻഡറുകളുടെയും മൊത്തം മൂല്യം നികുതി ഉൾപ്പെടെ 1076 കോടി രൂപയാണ്. 7985 സ്കൂളുകളിൽ 8209 ഹൈടെക് ഐ ടി ലാബുകള്‍ സ്ഥാപിക്കാനും അവയുടെ പരിപാലനത്തിനുമായും 519 കോടി രൂപയുടേതാണ് ആദ്യത്തെ ഓർഡർ. സ്കൂളുകളിൽ 22931 സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിച്ച് അവയുടെ പരിശോധനയും കമ്മീഷനിങ്ങും അറ്റകുറ്റപ്പണികളും നടത്താൻ 455 കോടി രൂപയുടെ രണ്ടാമത്തെ ഓർഡർ. പ്രൈമറി സ്കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79723 ടാബ്ലറ്റ് കമ്പ്യൂട്ടറുകൾ നൽകുന്നതിനായി 101 കോടി രൂപയുടെ ഓർഡറുമുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകളുടെ അഞ്ച് വർഷത്തെ ഓൺസൈറ്റ് വാറണ്ടിയും സേവനവും കെൽട്രോൺ നൽകും.