കാലടി : കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വകുപ്പ് വിദ്യാര്‍ഥിനിയായ കെ ജെ ഹരിത അവതരിപ്പിച്ച സ്മാര്‍ട്ട് എനര്‍ജി മീറ്ററിങ് സിസ്റ്റം എന്ന ആശയം കേന്ദ്ര ഗവര്‍മെന്റിന്റെ മിനിസ്ട്രി ഓഫ് മൈക്രോ സ്മോള്‍ ആന്‍ഡ് മീഡിയം എന്റെര്‍പ്രൈസ്സ് (എംഎസ്എംഇ) നടത്തിയ വനിതകള്‍ക്കായുള്ള ഐഡിയ ഹാക്കത്തൊണിന്റെ അംഗീകാരം. രാജ്യമൊട്ടാകെ 397 ആശയങ്ങളാണ് മന്ത്രാലയം തെരഞ്ഞെടുത്തത്. ആദിശങ്കര ടിബിഐയുടെ കീഴില്‍ ഈ ആശയം വികസിപ്പിക്കുവാന്‍ 5.5 ലക്ഷം രൂപയുടെ ധനസഹായമാണ് ഹരിതയ്ക്ക് ലഭിക്കും.
വൈദ്യുത ഊര്‍ജ്ജം കാര്യക്ഷമവും പരിസ്ഥിതി സൗഹൃദ പരവുമായി ഉപയോഗിക്കുവാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന സ്മാര്‍ട്ട് എനര്‍ജി മീറ്ററിംഗ് സംവിധാനം അതിനൂതന സാങ്കേതിക വിദ്യയായ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുത ഉപയോഗം നിയന്ത്രിക്കുവാനും സുസ്ഥിര ഊര്‍ജ്ജ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമായി ഉപയോഗിക്കുവാനും ഉദ്ദേശിച്ചുള്ള ഈ ആശയം ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫ. രമ്യ കെ പി യുടെ പിന്തുണയോടെയാണ് ഹരിത അവതരിപ്പിച്ചത്.