മലയാറ്റൂർ: മലയാറ്റൂർ വിശുദ്ധവാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിലേക്ക് തീർഥാടകരുടെ തിരക്ക് വർധിച്ചു. 50 നോമ്പ് ആരംഭം മുതൽ ധാരാളം തീർഥാടകർ കുരിശുമുടിയിൽ നിത്യവും എത്തിക്കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും കുരിശുമുടി പള്ളിയിൽ രാവിലെ 7.30ന് കുർബാന നടക്കുന്നുണ്ട്. ഇതിനു പുറമേ നോമ്പ് ആരംഭിച്ചതു മുതൽ രാവിലെ 5.30, 7.30, 9.30, വൈകീട്ട് 6.30 സമയങ്ങളിൽ കുർബാന ഉണ്ട്.
മാർത്തോമ്മാ രക്തസാക്ഷിത്വത്തിന്റെ 1950-ാം വർഷത്തിന്റെ ഓർമയ്ക്കായി തീർഥാടകർക്ക് നേർച്ച പായസം നൽകുന്നത് ഈ വർഷവും തുടരും. കൂടാതെ വെഞ്ചരിച്ച ഹന്നാൻ വെള്ളവും തീർഥാടകർക്ക് ലഭ്യമാക്കുന്നു. നേർച്ച കഞ്ഞി കുരിശുമുടിയിലും അടിവാരത്തും പ്രത്യേക സന്ദർഭങ്ങളിൽ നൽകുന്നുണ്ട്. തീർഥാടകരുടെ സൗകര്യാർഥം വിപുല ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.വെളിച്ചവും ശുദ്ധജലവും കുരിശുമുടിയിലും മലമുകളിലേക്കുള്ള പാതയിലും അടിവാരത്തും ആവശ്യത്തിന് ഉണ്ടാകും. അടിവാരത്ത് മാർത്തോമ്മാ ശ്ലീഹയുടെ രൂപത്തിനു സമീപവും ഒന്നാം സ്ഥലത്തിന് അടുത്തും മലമുകളിലും ഡോക്ടർമാരുടെയും നഴ്‌സുമാരു ടെയും സാന്നിധ്യത്തിൽ മെഡിക്കൽ സെന്ററുകൾ പ്രവർത്തിക്കു ന്നു.
സ്‌ട്രെച്ചർ ഡ്യൂട്ടിക്കാർ 24 മണിക്കൂറും ഉണ്ട്. സെക്യൂരിറ്റി സ്റ്റാ ഫുകളും വൊളന്റിയർമാരും ഭാരത് സ്‌കൗട്ടിന്റെ 30 അംഗ സന്നദ്ധ സേനയും എല്ലാ ഭാഗത്തും സേവനത്തിന് രംഗത്തുണ്ടാകും.പൊലീസും അഗ്‌നിരക്ഷാ സേനയും പ്രവർത്തനസജ്ജമാണ്. അടിവാരത്ത് ആംബുലൻസ് സൗകര്യം ഉണ്ടാകും. എൻക്വയറി കൗ ണ്ടറും ഇൻഫർമേഷൻ സെന്ററും പ്രവർത്തിക്കുന്നു. മലമുകളിലും താഴത്തെ പള്ളിയിലും മാർത്തോമ്മാ ശ്ലീഹയ്ക്കു സമർപ്പണം നടത്തുന്ന അടിമവയ്ക്കൽ ശുശ്രൂഷ 24 മണിക്കൂറും നടക്കുന്നു. കുമ്പസാരത്തിന് വിപുലമായ സൗകര്യം കുരിശുമുടിയിലും താഴത്തെ പള്ളിയിലും ഒരുക്കിയിട്ടുണ്ട്. വൈദികരോടൊപ്പം സംഘമായി വരുന്ന തീർഥാടകർക്ക് പ്രത്യേകമായ കുർബാന അർപ്പിക്കാൻ താഴത്തെ പള്ളിയിലും കുരിശുമുടിയിലും സൗകര്യമുണ്ട്. താഴത്തെ പള്ളിയിൽ തീർഥാടകർക്ക് വിശ്രമിക്കുന്നതിന് പന്തൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനോടു ചേർന്നു പൊൻകുരിശ് എഴുന്നള്ളിക്കൽ നേർച്ച നിറവേറ്റാനുള്ള സൗകര്യവും ഉണ്ടാകും. വിപുലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഗ്രീൻ പ്രോട്ടോക്കോൾ ഫലപ്രദമായി നടപ്പാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇരുന്നൂറോളം സിസി ടിവി ക്യാമറകൾ പല യിടത്തുമായി സജ്ജീകരിച്ചിട്ടുണ്ട്. മലയാറ്റൂർ മേഖല മാലിന്യമുക്തമാക്കുന്നതിന് കുടുംബ യൂണിറ്റ് സെൻട്രൽ കമ്മിറ്റി നേതൃ ത്വം നൽകുന്ന ക്ലീൻ മലയാറ്റൂർ പദ്ധതി 17 നു നടപ്പാക്കും. വൈകിട്ട് 3നു അടിവാരത്ത് മാർ ത്തോമ്മാ ശ്ലീഹയുടെ രൂപത്തിനു മുന്നിൽ നിന്ന് ശുചീകരണം ആരംഭിക്കും. മലയാറ്റൂർ, ഇല്ലിത്തോട്, വിമലഗിരി, സെബിയൂർ ഇടവകകളിലെ ജനങ്ങൾ അണിനിരക്കും.