ആലുവ: ഓൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മട്ടന്നൂർ എടയന്നൂർ ദാറുൽഫല മുഹമ്മദ് ഇർഫാൻ (21) നെയാണ് ആലുവ സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ഒൺലൈൻ ട്രേഡിംഗിലൂടെ വൻ തുക ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാലടി മാണിക്യമംഗലം സ്വദേശിയിൽ നിന്ന് 51 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പു സംഘം പറഞ്ഞ മൂന്ന് അക്കൗണ്ടുകളിലേക്കാണ് പരാതിക്കാരൻ പണം നിക്ഷേപിച്ചത്.
വൻ ലാഭമായിരുന്നു വാഗ്ദാനം. ആദ്യം ട്രേഡിംഗിൽ പണം നിക്ഷേപിച്ചപ്പോൾ ലാഭമെന്നു പറഞ്ഞ് 5000 രൂപ മാണിക്കമംഗലം സ്വദേശിയുടെ അക്കൗണ്ടിലേക്ക് നൽകി. വിശ്വാസം വരുത്താനുള്ള തന്ത്രമായിരുന്നു അത്. തുടർന്ന് കൂടുതൽ തുക ഇൻവെസ്റ്റ് ചെയ്തു. ഈ തുകകൾ മുഴുവൻ സംഘം കൈക്കലാക്കി. ഒൺലൈൻ ട്രേഡിംഗിൽ ചേർക്കുന്നയാൾക്ക് കമ്മീഷനും നൽകിയാണ് ആളുകളെ വലയിൽ വീഴ്ത്തുന്നത്. നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. ഇതിന്‍റെ പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നതായിട്ടാണ് പോലീസിന് ലഭിക്കുന്ന വിവരം.
ഇൻസ്പെക്ടർ വിപിൻദാസ്, സീനിയർ സി പി ഒമാരായ ജെറി കുര്യാക്കോസ്, വികാസ് മണി, ലിജോ ജോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.