ആലുവ: കവര്‍ച്ച കേസ് പ്രതികളെ തേടി അജ്മീറില്‍ എത്തിയ കേരള പോലീസ് സംഘത്തിനു നേരെ ആക്രമികളുടെ വെടിവയ്പ്പ്. ആലുവയിലെ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ പ്രതികളെ തേടിയാണ് പോലീസ് അജ്മീറില്‍ എത്തിയത്. വെടിവയ്പ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പോലീസ് സംഘം അക്രമികളില്‍ രണ്ടു പേരെ പിടികൂടി. ഉത്തരാഖണ്ഡ് സ്വദേശികളായ ഡാനിഷ് (23) ഷെഹ്ജാദ് (33) എന്നിവരാണ് പിടിയിലായത്.
ആലുവയിലും പരിസരത്തും വീടുകള്‍ കുത്തി തുറന്ന് കവര്‍ച്ച നടത്തി നാടുവിട്ട പ്രതികളെ തേടിയാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സംഘം ആദ്യം മധ്യപ്രദേശിലും പിന്നീട് അജ്മീറിലുമെത്തിയത്. അജ്മീര്‍ പൊലീസിന്റെ സഹായത്തെടെ പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടങ്ങി. ഇന്നലെ അര്‍ധരാത്രി 12.30ഓടെ ഇരുവരെയും കമാനി ഗേറ്റ് പരിസരത്ത് നിന്ന്പിടികൂടി. പിന്നീടായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ് സിനിമക്ക് സമാനമായ ഭയപ്പെടുത്തുന്ന രംഗങ്ങള്‍
പ്രതികളാദ്യം പൊലീസില്‍ നിന്ന് കുതറിയോടി. പിന്നാലെ പൊലീസും. അതിനിടെയാണ് പ്രതികളിലൊരാള്‍ കയ്യിലുള്ള തോക്കുപയോഗിച്ച് പൊലീസിനുനേര്‍ക്ക് വെടിയുതിര്‍ത്തത്. ധൈര്യം സംഭരിച്ച പൊലീസുകാര്‍ പ്രതികളെ ഒടുവില്‍ സാഹസികമായി കീഴടക്കി. അജ്മീര്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. പൊലീസ് സംഘം പ്രതികളുമായി വൈകാതെ കൊച്ചിയിലെത്തും. ഉത്തരാഖണ്ഡ് സ്വദേശികളായ പ്രതികള്‍ കവര്‍ച്ച തുടരാനാണ് അജ്മീറിലും തമ്പടിച്ചത്. എസ് ഐ ശ്രീലാല്‍, സി.പി.ഒ മാരായ മുഹമ്മദ് അമീര്‍, മഹിന്‍ ഷ, മനോജ്, അജ്മല്‍ എന്നിവരടങ്ങുന്ന സംഘമാണ് അജ്മീര്‍ പോയത്.