കാലടി : കാലടി ഗ്രാമപ്പഞ്ചായത്തിലെ നെട്ടിനംപിള്ളി പ്രദേശത്ത് ഇഷ്ടികനിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനെതിരേ നാട്ടുകാർ രംഗത്ത്. യൂണിറ്റ് തുടങ്ങാൻ പ്രദേശവാസിയായ ഒരാൾ വ്യവസായവകുപ്പിൽ നിന്ന് അനുമതി നേടിയതോടെയാണ് ജനകീയ പ്രതിഷേധം ഉയർന്നത്. മുൻപ് ഇവിടെ ഇഷ്ടികനിർമാണം നടന്നിരുന്നു. അന്ന് വ്യാപകമായി മണ്ണെടുത്തതിനേത്തുടർന്ന് കാലടി ലിഫ്റ്റ് ഇറിഗേഷന്റെ പമ്പ് ഹൗസിന് ഭീഷണിയായി. ജനങ്ങളുടെ പരാതിയേത്തുടർന്ന് 2005-ൽ ഫോർട്ട്‌കൊച്ചി ആർ.ഡി.ഒ.യും മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരും സ്ഥലം പരിശോധന നടത്തി നിരോധനമേർപ്പെടുത്തിയിരുന്നു. പുറമേനിന്ന് മണ്ണ് കൊണ്ടുവന്ന് ഇഷ്ടിക നിർമിക്കുന്നതിനുപകരം ഇവിടെത്തന്നെ ഭൂമി കുഴിച്ചാണ് മണ്ണെടുത്തിരുന്നത്. ഇതുമൂലം പ്രദേശമാകെ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു.
കാർഷികമേഖലയും ജനവാസകേന്ദ്രവുമാണ് പ്രദേശം. അനധികൃത മണ്ണെടുപ്പിനേത്തുടർന്ന് നെട്ടിനംപിള്ളി-കൊറ്റമം തോട്ടിലെ ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസ് ഇടിഞ്ഞ് പോകാവുന്ന അവസ്ഥയിലെത്തി. ഇനിയും ഇവിടെനിന്നും മണ്ണ് എടുക്കുന്നതും ഇഷ്ടികനിർമാണ യൂണിറ്റ് തുടങ്ങുന്നതും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് നാട്ടുകാർ പറയുന്നു. അതിനാൽ അനുമതി നൽകരുതെന്ന പരാതിയുമായി ആർ.ഡി.ഒ., മൈനിങ് ആൻഡ് ജിയോളജി വിഭാഗങ്ങളെ സമീപിച്ചിരിക്കുകയാണ് പ്രദേശവാസികൾ.