ആലുവ: അതിഥിത്തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് പണവും മൊബൈൽ ഫോണും തട്ടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ . പെരിന്തൽമണ്ണ തെക്കേപ്പുറം നിലയാളിക്കൽ വീട്ടിൽ മുഹമ്മദ് മുർഷിദ് (26), വയനാട് വെൺമണി കൈതക്കൽ വീട്ടിൽ റോപ് സൺ (21), പള്ളുരുത്തി കൊഷ്ണം വേലിപ്പറമ്പിൽ സബീർ (57) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടം ഭാഗത്ത് ചായക്കട നടത്തുന്ന ബംഗാൾ സ്വദേശി മുഹമ്മദ് സബീറിനെയാണ് തട്ടികൊണ്ടുപോയത്.
2 ന് രാത്രി 10 മണിയോടെയാണ് സംഭവം. പ്രതികൾ വഴിയരികിൽ കാർ നിർത്തിയിട്ട് വണ്ടിയിലേക്ക് ചായ കൊണ്ടുവരാനാവശ്യപ്പെടുകയായിരുന്നു. ചായ കൊടുത്തതിന് ശേഷം തിരിഞ്ഞു നടന്ന അതിഥി ത്തൊഴിലാളിയെ റോപ് സൻ വാഹനത്തിലേക്ക് വലിച്ചു കയറ്റി സംഘം എറണാകുളം ഭാഗത്തേക്ക് പോയി. പോകുന്ന വഴി കണ്ണ് കെട്ടി. 50000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം കൈക്കലാക്കിയ ശേഷം അതിഥി ത്തൊഴിലാളിയുടെ മൊബൈൽ ബലമായി സംഘം വാങ്ങിയെടുത്ത് പുലർച്ചെ കലൂർ ഭാഗത്ത് മുഹമ്മദ് സബീറിനെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു.
പ്രതികളെ എറണാകുളത്തെ വിവിധ ഭാഗങ്ങളിൽ നിന്നും സാഹസികമായി പിടികൂടി. വാഹനവും കണ്ടെടുത്തു. റോപ് സണുമായി പരിചയമുള്ളയാളാണ് അതിഥി ത്തൊഴിലാളി. ഡി.വൈ.എസ്.പി എ പ്രസാദ്, എസ് ഐ മാരായ കെ നന്ദകുമാർ, എസ് . എസ് ശ്രീലാൽ എ എസ് ഐ കെ എ നൗഷാദ്,
സി പി ഓ മരായ മാഹിൻഷാ അബൂബക്കർ ,മുഹമ്മദ് അമീർ, കെ എം മനോജ് , എം എസ് സന്ദീപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.