കാലടി: മലയാറ്റൂർ നക്ഷത്ര തടാകം മെഗാകാർണിവലിന്റെ ജനകീയ പങ്കാളിത്തവും വിജയവും ഉൾക്കൊള്ളാൻ സാധിക്കാത്തതു കൊണ്ടാണ് എൽ.ഡി.എഫ് പരിപാടി ബഹിഷ്‌കരിച്ചതും കാർണിവലിനെതിരെ അപവാദ പ്രചരണങ്ങൾ നടത്തുന്നതുമെന്ന് റോജി എം. ജോൺ എം.എൽ.എ. കഴിഞ്ഞ ഒമ്പത് വർഷമായി വളരെ വിജയകരമായി നടത്തപ്പെടുന്ന കേരളത്തിലെ ക്രിസ്തുമസ് ന്യൂഇയർ പരിപാടികളിൽ ഏറെ ശ്രദ്ധേയമായിട്ടുള്ള ഒന്നായി ഇതിനോടകം തന്നെ മാറിയ നക്ഷത്രതടാകം മെഗാകാർണിവൽ ഈ വർഷവും വലിയ ജനകീയ പങ്കാളിത്തത്തോടുകൂടിതന്നെയാണ് സംഘടിപ്പിച്ചത്. തുടക്കം മുതൽ തന്നെ പരിപാടിയുമായി സഹകരിക്കാതെ മാറി നിന്ന എൽ.ഡി.എഫിന്റെ ജനപ്രതിനിധികളും നേതാക്കളും പരിപാടിയെ തകർക്കുന്നതിനു വേണ്ടിയിട്ടുള്ള ശ്രമമാണ് നടത്തിയത്. എന്നിരുന്നാലും സംഘാടക സമിതിയുടെ നേത്യത്വത്തിൽ എല്ലാ വിഭാഗം ആളുകളേയും പങ്കെ ടുപ്പിച്ചുകൊണ്ട് പരിപാടി സംഘടിപ്പിക്കുകയായിരുന്നു.
പരിപാടിക്കായി സമാഹരിച്ച പണവും അതിന്റെ ചെലവുകളുമൊക്കെ ക്യത്യമായി കണക്കുകൾ പൊതുജനസമക്ഷം സംഘാടക സമിതി അവതരിപ്പിച്ചിട്ടുണ്ട്. അത് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. വളരെ സുതാര്യമായി ഈ കാര്യങ്ങളെല്ലാം ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചിട്ടും യാതൊരു അടിസ്ഥാനവുമില്ലാതെ വ്യജപ്രചരണങ്ങൾ നടത്തുകയാണ് സി.പി.എമ്മിലെ ചില നേതാക്കൾ ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത് ജനം തിരിച്ചറിയും. നക്ഷത്ര തടാകം മെഗാകാർണിവലിൻറെ വരവ് ചെലവ് കണക്കുകൾ ക്യത്യമായി അവതരിപ്പിക്കുവാൻ സംഘാടക സമിതിക്ക് സാധിച്ചിട്ടുണ്ട്. സർക്കാർ പരിപാടിയായി സംഘടിപ്പിച്ച നവകേരള സദസ്സിൻറെ വരവ് ചെലവ് കണക്കുകൾ പൊതു ജനത്തിന് മുമ്പിൽ അവതരിപ്പിക്കുവാൻ സി.പി.എമ്മും എൽ.ഡി.എഫും തയ്യാറാകുമോ എന്നും എം.എൽ.എ ചോദിച്ചു. നീലീശ്വരത്ത് യു.ഡി.എഫിൻറെ നേത്യത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു റോജി എം. ജോൺ എം.എൽ.എ.
ഗ്രാമപഞ്ചായത്തംഗം ജോയ് അവോക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ബിജു കണിയാംകുടി, മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡൻറ് വിൻസൻ കോയിക്കര, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് സെബി കിടങ്ങേൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ തങ്കച്ചൻ, ഡി.സി.സി സെക്രട്ടറി മനോജ് മുല്ലശ്ശേരി തുടങ്ങിയവർ സംസാരിച്ചു