കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മന്ത്രി പി.രാജീവിനെതിരെ നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ രാജീവിന്റെ സമ്മർദമുണ്ടായെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇ.ഡി. പറയുന്നു. കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാറാണ് മൊഴി നൽകിയത്.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ രാജീവ് സമ്മർദം ചെലുത്തിയെന്നാണ് മൊഴി. സിപിഎം നേതാക്കളായ എ.സി.മൊയ്തീൻ, പാലൊളി മുഹമ്മദ്കുട്ടി എന്നിവർക്ക് എതിരെയും പരാമർശങ്ങളുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പങ്കുള്ളയാൾ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ ഹൈക്കോടതി ഇ.ഡി.യോട് വിശദീകരണം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പി.രാജീവ് അടക്കമുള്ളവർക്കെതിരെ ഇ.ഡി. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.
നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ വലിയ സമ്മർദമുണ്ടായി. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ മുതൽ ജില്ലാ നേതാക്കൾ വരെയുള്ളവരിൽ നിന്നാണ് സമ്മർദമുണ്ടായത്. ഈ കൂട്ടത്തിലാണ് പി.രാജീവിന്റെ പേരുള്ളത്. പി.രാജീവ്, എ.സി.മൊയ്തീൻ അടക്കമുള്ളവരുടെ സമ്മർദത്തിന്റെ ഫലമായി നിയമവിരുദ്ധ വായ്പകൾ അനുവദിച്ചുവെന്ന് ഇ.ഡി. പറയുന്നു.