കാലടി:: പ്രഭാത,സായാഹ്ന നടത്തം ശീലമാക്കിയവർക്കായി തിരുവൈരാണിക്കുളത്ത് വിവിധ സംവിധാനങ്ങളോടെ നടപ്പാതയും, കുട്ടികൾക്കായി പാർക്കും ഒരുങ്ങി. തിരുവൈരാണിക്കുളം മഹദേവക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുളള കൈലാസം ഗ്രൗണ്ടിലാണ് ക്ഷേത്ര ട്രസ്റ്റ് ലക്ഷങ്ങൾ ചിലവഴിച്ച് നടപ്പാതയും പാർക്കും സജ്ജമാക്കിയിരിക്കുന്നത്. പ്രകാശ സംവിധാനങ്ങളോടെ നിർമ്മിച്ചിരിക്കുന്ന നടപ്പാതയും പാർക്കും പൂർണമായും ആധുനിക നിലവാരത്തിൽ ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.
നടപ്പാതയിൽ റേഡിയോ കോർണർ ഉണ്ട്. അവിടെ വിവിധ റേഡിയോ നിലയങ്ങളിൽ നിന്ന്
സംപ്രേക്ഷണം ചെയ്യുന്ന ഗാനങ്ങളും, വാർത്തകളും ശ്രവിക്കാം. കുട്ടികൾക്ക് വിവിധ വിനോദങ്ങളിൽ ഏർപ്പെടുന്നതിനുള്ള ഉപകരണങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, കരിങ്കല്ലിൽ തീർത്ത ഇരിപ്പിടങ്ങൾ, സെൽഫി പോയിന്റ്, പൂന്തോട്ടം, ഊഞ്ഞാലുകൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ടിന്റെ ഒരു വശത്ത് ആലും, ആൽത്തറയുമുണ്ട്. ഒന്നര എക്കർ വിസ്തീർണമുളള ഗ്രൗണ്ടിന്റെ മുൻഭാഗത്തായി ചെറിയ സ്‌റ്റേജും നിർമിച്ചിട്ടുണ്ട്. സംഘടനകൾക്കും വ്യക്തികൾക്കും ഇവിടെ വിവിധ പരിപാടികൾ നടത്താൻ സൗജന്യമായി വിട്ടുനൽകും.
15 ശുചിമുറികളും ഇവിടെയുണ്ട്.ഗ്രൗണ്ടിന് ചുറ്റും നിരീക്ഷണ ക്യാമറകളും വച്ചിട്ടുണ്ട്. 30 ലക്ഷം രൂപ ചിലവഴിച്ചാണ് നടപ്പാതയും, പാർക്കും, സ്‌റ്റേജും അനുബന്ധ സംവിധാനങ്ങളും നിർമിച്ചിരിക്കുന്നത്. നടതുറപ്പ് കഴിഞ്ഞാൽ ഇത് പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.എ പ്രസുൺ കുമാർ അറിയിച്ചു.